ജല ജീവന്‍ മിഷന്‍ ജില്ലയില്‍ 126344 വീടുകളില്‍ കുടിവെളളമെത്തും

post

വയനാട് : ഗ്രാമീണ മേഖലയിലെ വീടുകളില്‍ ശുദ്ധജലമെത്തിക്കുന്ന ജലജീവന്‍ മിഷന് കീഴില്‍ ജില്ലയില്‍ നാല് വര്‍ഷത്തിനകം 126344 വീടുകളില്‍ കൂടി കുടിവെളള കണക്ഷന്‍ നല്‍കും. പ്രതിദിനം ആളൊന്നിന് 55 ലിറ്റര്‍ വെളളം ലഭ്യമാക്കുന്ന പദ്ധതിയില്‍ ഈ വര്‍ഷം 13495 വീടുകളില്‍  ശുദ്ധജലമെത്തും. 2021-22 വര്‍ഷത്തില്‍ 3577 കണക്ഷനും 2022-23 ല്‍ 8863, 2023-24 ല്‍ 100409 കണക്ഷനും നല്‍കുന്നതിനുളള കര്‍മ്മപദ്ധതികളാണ് കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കുന്നത്. നിലവില്‍ ജില്ലയില്‍ 48891 ഗാര്‍ഹിക കുടിവെളള കണക്ഷനാണുളളത്.

 രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നിര്‍വ്വഹണം. ഒന്നാം ഘട്ടത്തില്‍ നിലവിലുളള പദ്ധതിയിലെ വിതരണ ശൃംഖലയില്‍ നിന്നും കണക്ഷന്‍ നല്‍കും.  രണ്ടാം ഘട്ടത്തില്‍ ഇതുവരെ കുടിവെള്ള പദ്ധതികളില്ലാത്ത പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.  ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ജല ശുചിത്വമിഷനാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല വഹിക്കുക. പഞ്ചായത്തുകളുടെയും ഗുണഭോക്തൃ സമിതിയുടെയും ഉത്തരവാദിത്വത്തിലായിരിക്കും പദ്ധതിയുടെ നടത്തിപ്പും പരിപാലനവും.  

 ആദ്യഘട്ടത്തില്‍ എടവക, കണിയാമ്പറ്റ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, തരിയോട്, വൈത്തിരി, മൂപ്പൈനാട്, മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍, തിരുനെല്ലി, മുളളന്‍കൊല്ലി  എന്നിവിടങ്ങളിലാണ്  പദ്ധതി നടപ്പാക്കുന്നത്.  ഇതിനായി 11.24 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ തൊണ്ടര്‍നാട്, തവിഞ്ഞാല്‍, വെളളമുണ്ട, പനമരം, പുല്‍പ്പള്ളി, പൂതാടി, മേപ്പാടി,വൈത്തിരി, മൂപ്പൈനാട്, കോട്ടത്തറ, പൊഴുതന, നെന്‍മേനി എന്നിവിടങ്ങളിലും കണക്ഷന്‍ നല്‍കും. ഏടവക, കണിയാമ്പറ്റ, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ,തരിയോട്, വൈത്തിരി,മുട്ടില്‍, മൂപ്പൈനാട് എന്നീ പഞ്ചായത്തുകള്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഭരണസമിതി തീരുമാനം ഇതിനകം വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

രാജ്യത്തെ മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും 2024 - ഓടെ കുടിവെളള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് ജല ജീവന്‍  മിഷന്‍. പദ്ധതിക്കായി കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളുടെ വിഹിതത്തിനൊപ്പം ഗ്രാമപഞ്ചായത്ത് 15 ശതമാനവും ഗുണഭോക്താവ് 10 ശതമാനവും പദ്ധതിക്കായി കണ്ടെത്തണം.