കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്റര്‍ തുറന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത്

post

പുതിയ സംരഭം വഴി അവശ്യ സേവനങ്ങള്‍  വിളിപ്പാടകലെ

ആലപ്പുഴ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സേവനങ്ങളെല്ലാം ഒരു വിളിപ്പാടകലെയൊരുക്കി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയാണ് സേവനങ്ങള്‍ ആവശ്യക്കാരില്‍ എത്തിക്കുന്നത്. ബ്ലോക്ക് പരിധിയില്‍ ക്വാറന്റൈനിലും റിവേഴ്സ് ക്വാറന്റൈനിലും കഴിയുന്നവര്‍ക്കായാണ് കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററിലൂടെ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ജീവതാളം പെയ്ന്‍ & പാലിയേറ്റീവിന്റെ സഹകരണത്തോടെയാണ് കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനം.

ബ്ലോക്കിന് കീഴിലുള്ള മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കോവിഡ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനും, ക്വാറന്റൈനിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഈ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നും ലഭിക്കും.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെന്ററില്‍ ഹോം ക്വാറന്റയിനുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സേവനം, മരുന്ന്, കൗണ്‍സിലിംഗ്, മറ്റ് അത്യാവശ്യ സേവനങ്ങള്‍ എല്ലാം ലഭിക്കും. റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി വീട്ടിലിരിക്കുന്ന വയോജനങ്ങള്‍ക്കും രോഗികള്‍ക്കും ടെലിമെഡിസിന്‍, സൗജന്യ ടെസ്റ്റ്, സഹായവിലയ്ക്കുള്ള മരുന്നുകള്‍, രോഗിപരിചരണം, കൗണ്‍സിലിംഗ്, അത്യാവശ്യമുള്ളവര്‍ക്ക് സൗജന്യ ഭക്ഷണം എന്നിവയും ഒരുക്കി നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ടു മാരാരിക്കുളം തെക്ക് പഞ്ചായത്ത് നിവാസികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള ആശങ്കകള്‍ നീക്കാന്‍ ടെലിഫോണ്‍ വഴിയുള്ള കൗണ്‍സിലിങ്ങും കെയര്‍ സെന്റര്‍ വഴി നല്‍കി വരികയാണെന്നും ഷീന സനല്‍കുമാര്‍ പറഞ്ഞു.

ബ്ലോക്ക് പരിധിയിലെ 80 വാര്‍ഡുകളിലെ മോണിറ്ററിംഗ് സമിതിയിലൂടെ എല്ലാ ദിവസവും വീടുകളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നത്. 'ആര്‍ദ്രമീ ആര്യാട്' പദ്ധതിയിലൂടെ പരിശീലനം ലഭിച്ച സന്നദ്ധപ്രവത്തകരുടെ സേവനവും വാര്‍ഡുതല കോവിഡ് സമിതികളുമായി സംയോജിപ്പിച്ചാണ് കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനം.

കോവിഡ് കണ്‍ട്രോള്‍ സെന്ററിന്റെ സേവനങ്ങള്‍ ലഭിക്കാന്‍ - 9633413620, 9446041831, 9947277992 എന്ന നമ്പറിലോ, covidcontrolcentreg. എന്ന ഇ - മെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.