ജില്ലയിലെ നീര്‍ച്ചാലുകള്‍ അടയാളപ്പെടുത്തി മാപ്പത്തോണ്‍

post

വയനാട് : സംസ്ഥാന ഐ.ടി മിഷന്‍ രൂപം കൊടുത്ത ജനകീയ മാപ്പിംഗ് പദ്ധതിയായ മാപ്പത്തോണിലൂടെ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പരിധിയിലുള്‍പ്പെടുന്ന 200 നീര്‍ച്ചാലുകള്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുകയാണ് ഹരിത കേരളം ജില്ലാ മിഷന്‍. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. കേരള  സ്റ്റേറ്റ് ഐ.ടി മിഷന്റേയും ഹരിത കേരളം മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.

ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ എല്ലാ ശ്രേണിയിലുംപെട്ട നീര്‍ച്ചാലുകളുടെ ഉയര്‍ന്ന കൃത്യതയുള്ള മാപ്പുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനമാണ് നടന്നുവരുന്നത്. ലഭ്യമായ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് സാങ്കേതം പ്രയോജനപ്പെടുത്തി ജില്ലയിലെ നീര്‍ച്ചാലുകളും കുളങ്ങളും ഇതിനകം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഒരു പ്രദേശത്തു താമസിക്കുന്ന ജനങ്ങള്‍ക്ക് അവിടെയുള്ള ചെറിയ സവിശേഷതകള്‍ പോലും ഭൂപടത്തിലൂടെ കൃത്യമായി അറിയാനാകും. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസിലാക്കി വിഭവഭൂപടം ഏറ്റവും സ്പഷ്ടതയുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്ന പദ്ധതിയാണിത്. ജലസ്രോതസ്സുകളുടെയും ജലവിനിയോഗത്തിന്റെയും പ്രദേശിക തല ആസൂത്രണത്തിനായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് മാപ്പത്തോണ്‍ ഉപയോഗിച്ച് നീര്‍ച്ചാലുകളുടെ മാപ്പിംഗ് നടത്തുന്നത്.

നീര്‍ച്ചാലുകളുടെ മാപ്പിംഗ് പ്രവര്‍ത്തനത്തോടൊപ്പം കുളങ്ങളുടേയും ക്വാറികളുടേയും മാപ്പിംഗും പദ്ധതിയുടെ ഭാഗമായി ചെയ്യാന്‍ ലക്ഷ്യമിടുന്നു. ഹരിത കേരളം മിഷന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി രൂപം കൊടുത്ത് ആരംഭിച്ച ഇനി ഞാനൊഴുകട്ടെ എന്ന പ്രവര്‍ത്തനം ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്നതിനും സ്ഥായിയായി നിലനില്‍ക്കത്തക്ക വിധത്തില്‍ അവയെ പുനരുജ്ജീവിപ്പിക്കുന്നതിനും ഈ ഭൂപടങ്ങള്‍ സഹായിക്കും. കൂടാതെ ഉപേക്ഷിക്കപ്പെട്ട ക്വാറികളില്‍ നിന്നും ജലസേചനകനാലുകളില്‍ നിന്നും കുളങ്ങളും കിണറുകളും റീച്ചാര്‍ജ്ജ് ചെയ്യല്‍, കുളങ്ങളുടെ പുനരുജ്ജീവനം മുതലായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഈ മാപ്പ് സഹായിക്കും.