വണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം മന്ത്രി എ.സി മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു

post

പാലക്കാട് : വണ്ടാഴി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ്് മന്ത്രി എ.സി മൊയ്തീന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. കെ.ഡി പ്രസേനന്‍ എംഎല്‍എ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് അഭിമാനകരമായ നേട്ടങ്ങളാണ് കൈവരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. കാര്‍ഷിക - ഉത്പാദന മേഖലകളിലും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, സാമൂഹ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ജനോപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട  നടപടികള്‍ സ്വീകരിക്കുന്നതിനാവശ്യമായ പരിശ്രമങ്ങളാണ് സര്‍ക്കാര്‍  ഇവയിലൂടെ ചെയ്യുന്നത്. മികവിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഒന്നാണ് വണ്ടാഴി ഗ്രാമപഞ്ചായത്തെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട് നേരിട്ട രണ്ട് പ്രളയങ്ങളിലും ജനങ്ങളെ സഹായിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോള്‍ കോവിഡ് 19 രോഗത്തെ ചെറുക്കുന്നതിലും വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങള്‍ നടത്തി വരികയാണ്. കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമായ ഇടപെടലുകളാണ് ഉറപ്പു വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുഭിക്ഷകേരളം പദ്ധതി കൂടുതല്‍ പ്രാവര്‍ത്തികമാക്കും. കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കും. കൃഷി വകുപ്പുമായും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

വണ്ടാഴി ഗ്രാമപഞ്ചായത്ത് ഫ്രണ്ട്  ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെ ശാന്തകുമാരി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. പഞ്ചായത്തിലെ ടോക്കന്‍ മെഷീന്റെ ഉദ്ഘാടനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.

1986 ല്‍ പ്രവര്‍ത്തനമാരംഭിച്ച നിലവിലുള്ള പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതിക്കും സെക്രട്ടറി ഉള്‍പ്പടെയുള്ള ജിവനക്കാര്‍ക്കും ഒന്നാം നിലയില്‍ പ്രത്യേക ബ്ലോക്കുകളിലായാണ് സീറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.  രണ്ടാം നിലയില്‍ പഞ്ചായത്ത് മീറ്റിങ് ഹാള്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ്, വില്ലേജ് ഓഫീസറുടെ കാര്യാലയം, അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയം എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. കെ.എല്‍.ജി.എസ്.ഡി.പി ധനസഹായത്തോടും വണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ ഫണ്ടും വകയിരുത്തിയാണ് പുതിയ പഞ്ചായത്ത് ഓഫീസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. വണ്ടാഴി ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന പരിപാടിയില്‍ വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ്്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതടീച്ചര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ യു. അസീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ. റെജികുമാര്‍, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.എം. അനൂപ്, ജില്ലാ യുവജന ക്ഷേമ യൂത്ത് കോര്‍ഡിനേറ്റര്‍ ടി.എം ശശി, മെമ്പര്‍മാരായ ആര്‍. സുരേഷ്, എ. ശില്‍പ, വണ്ടാഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. സാജന്‍ എന്നിവര്‍ സംസാരിച്ചു.