പഞ്ചായത്തുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സാ സൗകര്യം ഒരുക്കണം
പാലക്കാട്: ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ പഞ്ചായത്തുകളും അടിയന്തിരമായി കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍, അഡീഷണല്‍ നഴ്‌സ്, തുടങ്ങി എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കണമെന്നും ഇതിനായി ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ഓഗസ്റ്റ് അവസാനത്തോടെ പോസിറ്റീവ് കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ചികിത്സാ സൗകര്യം അതത് പഞ്ചായത്തുകള്‍ പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിനുള്ള ചികിത്സാ സൗകര്യം ജില്ലയിലുണ്ട്. എന്നാല്‍ പ്രായമായവര്‍, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്കു വേണ്ട മതിയായ ചികിത്സാ സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.










