പട്ടാമ്പി താലൂക്കില്‍ ലോക്ക് ഡൗണ്‍: റാപ്പിഡ് ടെസ്റ്റ് വ്യാപിപ്പിക്കും

post

പാലക്കാട് : പട്ടാമ്പി മത്സ്യ മാര്‍ക്കറ്റിലെ ഒരു തൊഴിലാളിക്ക് ഉറവിടമറിയാതെ കോവിഡ് 19 സ്ഥിരീകരിക്കുകയും തുടര്‍ന്ന് 67 പേര്‍ക്ക് രോഗബാധയുണ്ടായി ക്ലസ്റ്റര്‍ രൂപീകരിക്കപ്പെട്ട സാഹചര്യത്തിലും പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ഇന്ന്(ജൂലൈ 21) മുതല്‍ ലോക് ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പട്ടാമ്പി മേഖലയിലെ അനുബന്ധ പഞ്ചായത്തുകളില്‍ ലക്ഷണങ്ങള്‍ കാണുന്ന മുറയ്ക്കും വരും ദിവസങ്ങളില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ലോക്ക് ഡൗണ്‍ കാലാവധി പ്രദേശത്തെ അവസ്ഥ പരിശോധിച്ച് പിന്നീട് തീരുമാനിക്കും. പട്ടാമ്പിയില്‍ രൂപപ്പെട്ട രോഗബാധയുടെ ക്ലസ്റ്റര്‍ വ്യാപനം തടയാന്‍ പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അവശ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. ഈ മേഖലയില്‍ അത്യാവശ്യക്കാര്‍ മാത്രം പുറത്തിറങ്ങുക. പൊതുഗതാഗതം ഉണ്ടാകില്ല. പ്രശ്നബാധിത പ്രദേശത്തിലൂടെ വാഹനമോടിക്കുന്നവര്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല. ക്ലസ്റ്ററുകള്‍ സൂപ്പര്‍ സ്പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും പോകാനുള്ള സാധ്യത ഏറെയാണ്. ഈ സാധ്യത മുന്നില്‍ക്കണ്ട് മുന്‍ ദിവസങ്ങളില്‍ തീരുമാനിച്ച പ്രകാരം റാപ്പിഡ് ടെസ്റ്റുകള്‍ വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.

 പട്ടാമ്പി മേഖലയിലെ 28 തീവ്രബാധിത മേഖലകളിലുമുള്‍പ്പെടെ 47 കേന്ദ്രങ്ങളാണ് മുന്‍ഗണനാടിസ്ഥാനത്തില്‍ പരിശോധനക്ക് വിധേയമാക്കുക. മീന്‍ മാര്‍ക്കറ്റുകള്‍, പച്ചക്കറി വ്യാപാര കേന്ദ്രങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍, ഊരുകള്‍, ബസ് സ്റ്റാന്റുകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ടെസ്റ്റുകള്‍ നടത്തും. റാപ്പിഡ് ടെസ്റ്റ് വ്യാപകമാക്കുന്നതിന്റെ ഭാഗമായി അനുബന്ധ സാമഗ്രികള്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.