അട്ടപ്പാടിയിലെ വിദ്യാർഥികൾക്ക് പി.എസ്.സി പരിശീലന പുസ്തകങ്ങൾ വിതരണം ചെയ്തു

post

പാലക്കാട്: അട്ടപ്പാടിയിലെ വിദൂര ഊരുകളിലെ വിദ്യാർഥികൾക്ക് പി.എസ്‌.സി പരിശീലനത്തിനുള്ള പുസ്തകങ്ങൾ വിതരണം ചെയ്തു. അഗളി സിവിൽ സ്റ്റേഷനിൽ അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജുൻ പാണ്ഡ്യനാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്.

അട്ടപ്പാടി മേഖലയിലെ വിദ്യാർത്ഥികൾക്ക് പി.എസ്.സി പരിശീലനത്തിനുള്ള സൗകര്യമില്ലാത്തതിനാൽ മേഖലയിൽ പ്രൊഫഷണൽ കോച്ചിംഗ് സെന്ററുകൾ മുഖാന്തരം പരിശീലനം നടത്തുന്നതിനായി 80 ഉദ്യോഗാർത്ഥികളെ കണ്ടെത്തിയിരുന്നു. ഏഷ്യാനെറ്റ് കേബിൾ വിഷന്റെ സി.എസ്. ആർ ഫണ്ടിൽ നിന്നുള്ള ധനസഹായത്തോടെ കില, ഐ.ടി.ഡി.പി, അട്ടപ്പാടി കോ- ഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ വിജയ്ദർശൻ 2020 എന്ന പേരിൽ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ അഗളി കില ക്യാമ്പസിൽ ആരംഭിക്കാനിരുന്ന കോച്ചിങ്ങ് കോവിഡ് മൂലം മാറ്റിവയ്ക്കേണ്ടി വന്നതിനാലാണ് ഉദ്യോഗാർത്ഥികൾക്ക് വീട്ടിൽ പരിശീലനത്തിനായി ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്തത്. കോച്ചിങ്ങ് സെന്ററിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും വിദ്യാർഥികൾക്ക് ഓൺലൈനായി ലഭിക്കും.