കാര്‍ത്തികപ്പള്ളി താലൂക്കില്‍ 94%പരാതികളും തീര്‍പ്പാക്കി

post

കളക്ടറുടെ ആദ്യഘട്ട ഓണ്‍ലൈന്‍ അദാലത്ത് 

ആലപ്പുഴ: കാര്‍ത്തികപ്പള്ളി താലൂക്കിനായി ജില്ല കളക്ടര്‍ നടത്തിയ ആദ്യഘട്ട ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിച്ച പരാതികളില്‍ 94 ശതമാനത്തിനും പരിഹാരം. മൊത്തം 145 പരാതികളാണ് ഓണ്‍ലൈനിലൂടെ ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ മുന്‍പാകെ എത്തിയത്. ഇവയില്‍ ആദ്യഘട്ട അദാലത്തില്‍ പരിഗണിച്ച 50 പരാതികളില്‍ 47 എണ്ണത്തിലും തീര്‍പ്പുണ്ടായി. 

പ്രകൃതി ക്ഷോഭ സഹായം, ചികിത്സ സഹായം, തോടുകളുടെ ഭിത്തി നിര്‍മ്മാണം, കുടിവെള്ള ബില്ലിലെ അപാകത, നടവഴിപ്രശ്‌നം, അര്‍ഹമായ ആനൂകൂല്യം ലഭിക്കുന്നതിലെ കാലതാമസം, വൈദ്യുതി കണക്ഷന്‍,ഭീഷണിയായ മരങ്ങളുടെ മുറിക്കല്‍ തുടങ്ങി വിവിധതരം പരാതികളും അപേക്ഷകളുമാണ് അദാലത്തില്‍ പരിഗണിച്ചതും മൂന്നെണ്ണത്തിലൊഴികെ പരിഹാരം കണ്ടതും. അദാലത്തിലേക്ക് അപേക്ഷ നല്‍കിയ അക്ഷയ സെന്ററിലെത്തിയാണ് അപേക്ഷകര്‍ പരാതിപരിഹാര പരിപാടിയില്‍ പങ്കെടുത്തത്.

പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും അതിവേഗത്തിലും ജനസൗഹൃദപരമായും തീര്‍പ്പുണ്ടാക്കുന്നതിന് കാര്‍ത്തികപ്പള്ളി താലൂക്കിലെ ജില്ല കളക്ടറുടെ രണ്ടാംഘട്ട പരാതി പരിഹാര ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓഗസ്റ്റ് ഒന്നിന് നടക്കും. ഇതിലും 50 പരാതികളാണ് പരിഗണിക്കുക. അവശേഷിക്കുന്ന പരാതികളും അപേക്ഷകളും പരിഗണിക്കുന്ന മൂന്നാംഘട്ട ഓണ്‍ലൈന്‍ അദാലത്തിന്റെ തീയതി പിന്നീട് അറിയിക്കും. വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്ന അക്ഷയ സെന്ററുകളില്‍ തിരക്ക് ഒഴിവാക്കി കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചും സാമൂഹിക അകലം പാലിച്ചും അദാലത്ത് നടത്തേണ്ടതിനാലാണ് ഇവ്വിധത്തില്‍ ക്രമീകരണം.

പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടന്ന ആദ്യഘട്ട അദാലത്തില്‍ എ.ഡി.എം  വി.ഹരികുമാര്‍, ഇന്‍സ്‌പെക്ഷന്‍ വിഭാഗം സീനിയര്‍ സൂപ്രണ്ട് സജീവന്‍ , വിവിധ വകുപ്പ് അധികൃതര്‍, കാര്‍ത്തികപ്പള്ളി താലൂക്കിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.