ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ നെല്ല് സംഭരണവും സംസ്‌കരണവും സാധ്യമാകും

post

 പാലക്കാട് : ജില്ലയില്‍  ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെല്ല് സംഭരണവും സംസ്‌കരണവും കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാഡി പ്രൊക്യൂര്‍മെന്റ് പ്രൊസസിങ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കണ്ണമ്പ്രയില്‍ ആരംഭിക്കുന്ന ആധുനിക നെല്ല് സംഭരണ സംസ്‌കരണ പ്ലാന്റ് ശിലാസ്ഥാപനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ആരംഭിച്ച പ്രതിദിനം ഒരു ലക്ഷം മെട്രിക് ടണ്‍ സംസ്‌കരണശേഷിയുള്ള ആധുനിക റൈസ് മില്‍ നബാര്‍ഡിന്റെ  സാങ്കേതികസഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്്. ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ നല്‍കാനും ബാക്കിയുള്ളത്  സ്വന്തം നിലയില്‍ വിപണനം ചെയ്യാനുമാണ് ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ 50 പേര്‍ക്ക് പ്രത്യക്ഷമായും നിരവധി പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും. പദ്ധതി  സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

ഭക്ഷ്യസുരക്ഷ കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ പദ്ധതിയിലൂടെ യുവജനങ്ങള്‍ ധാരാളമായി കാര്‍ഷിക മേഖലയില്‍ സജ്ജീവമാണ്. ഇത്തരത്തിലുള്ള കര്‍ഷക കൂട്ടായ്മകള്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഴി കാര്‍ഷിക വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സ്ഥലം സ്വന്തമല്ലെന്ന കാരണത്താലും ഒരു വ്യക്തിയല്ല വായ്പയ്ക്ക് അപേക്ഷിക്കുന്നത് എന്ന കാരണത്താലും  വായ്പ നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അത്തരം പ്രതിസന്ധികള്‍ ഇനി ഉണ്ടാകില്ലെന്നും സ്വയംസഹായ ഗ്രൂപ്പുകളെ  ഒരു വ്യക്തിയെന്ന നിലയില്‍ പരിഗണിച്ച് സഹകരണ സംഘങ്ങള്‍ വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നബാര്‍ഡുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇത് കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ്വ് ഉണ്ടാക്കും. നെല്ലിനു പുറമേ ധാന്യങ്ങള്‍,  കിഴങ്ങുവര്‍ഗങ്ങള്‍,  ഫലവര്‍ഗങ്ങള്‍ എന്നീ കൃഷിയും പ്രോത്സാഹിപ്പിക്കും. കൂടാതെ മത്സ്യകൃഷി,  പശുവളര്‍ത്തല്‍ എന്നിവയും സുഭിക്ഷ കേരളം പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക പ്രധാനമാണ്. അതിനായി കാര്‍ഷികമേഖലയ്ക്ക് വലിയതോതില്‍ ഉണര്‍വ് ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചിരിക്കുന്നത്. കോവിഡ് 19 നെ  വളരെ ജാഗ്രതയോടെ നേരിടുകയും പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുകയും ചെയ്യുന്നതിനോടൊപ്പം കാര്‍ഷിക ഉണര്‍വിനായുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് തരിശുനിലങ്ങള്‍ ഏറ്റെടുത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ആരംഭിച്ചിരിക്കുന്നതെന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.