കൈനാട്ടി ജംഗ്ഷന്‍ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി

post

വയനാട് : കല്‍പ്പറ്റ ടൗണ്‍ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ദേശീയപാതയില്‍ കൈനാട്ടി  മുതല്‍ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റോഡ് സുരക്ഷാ അതോറിറ്റി അനുവദിച്ച 1 കോടി 29 ലക്ഷം രൂപ ചെലവിട്ടാണ് ഈ ഭാഗത്ത് നവീകരണം നടത്തുന്നത്. ഓവുചാലുകള്‍, നടപ്പാത, കട്ടവിരിക്കല്‍, കൈവരികള്‍, ട്രാഫിക് സിഗ്‌നലുകള്‍, റോഡ് വീതികൂട്ടല്‍, ടാറിങ്, റോഡ് സുരക്ഷയുടെ ഭാഗമായുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, റോഡ് മാര്‍ക്കിംഗ് തുടങ്ങിവ നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടും.  

കല്‍പ്പറ്റ ടൗണ്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ട്രാഫിക് ജംഗഷ്ന്‍ മുതല്‍ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികളും പുരോഗമിച്ചു വരികയാണ്. നഗരസഭ വകയിരുത്തിയ രണ്ടുകോടി രൂപയ്ക്ക് പുറമേ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 7 കോടി 64 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.  ചുണ്ടേല്‍ മുതല്‍ കൈനാട്ടി വരെയുള്ള ഭാഗത്ത് റോഡ് നവീകരിക്കുന്നതിന് ദേശീയപാതാ അതോറിറ്റി 13 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതോടെ 22 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കല്‍പ്പറ്റയില്‍ നടക്കുന്നതെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കൗണ്‍സിലര്‍മാരായ എ.എം. സുരേഷ് കുമാര്‍, അജി ബഷീര്‍ ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജമാല്‍ മുഹമ്മദ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഹീര, ഓവര്‍സിയര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.