ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച ബഡ്സ് സ്‌കൂളിന്റെ ഉദ്ഘാടനം  എ.എം ആരിഫ് എം.പി നിര്‍വ്വഹിച്ചു. സോമപ്രസാദ്  എം.പിയുടെ  പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20ലക്ഷം രൂപ വിനിയിഗിച്ചാണ്  കെട്ടിടം നിര്‍മിച്ചത്.

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പള്ളിപ്പുറം പഞ്ചായത്തിലെ തന്നെ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബഡ്സ്  സ്‌കൂളാണ് കൂടുതല്‍ സൗകര്യത്തോടെ പഞ്ചായത്ത് ഓഫീസിന് സമീപത്തായി  നിര്‍മ്മിച്ചിത്. 18 വയസ്സുവരെയുള്ള ഭിന്നശേഷിക്കാര്‍ക്കാണ് പ്രവേശനം. 32 പേരാണ് ഇപ്പോള്‍ ബഡ്സ് സ്‌കൂളിലുള്ളത്.

ബുദ്ധിവൈകല്യം ,സെറിബ്രല്‍ പാള്‍സി ,ഓട്ടിസം തുടങ്ങിയവ ബാധിച്ചവര്‍ക്ക്  പഠനത്തിനും,  ഫിസിയോതെറാപ്പിക്കുമെല്ലാം ഇവിടെ സൗകര്യമുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കുവാന്‍ പാകത്തിനാണ് കെട്ടിടം നവീകരിച്ചത്.  ശുചിമുറി, അടുക്കള ,സ്മാര്‍ട്ട് ക്ലാസ്സ് റൂം, കളിക്കളം എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.  

ചടങ്ങില്‍ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല സെല്‍വരാജ് അദ്ധ്യക്ഷത  വഹിച്ചു  പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍  ഹരിക്കുട്ടന്‍, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെര്‍പേഴ്‌സണ്‍ സിന്ധു വിനു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിമോള്‍ സുരേന്ദ്രന്‍, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ടോമി ഉലഹന്നാന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ മഞ്ജു സുധീര്‍, ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ പി.ജി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു മഹേശന്‍, പഞ്ചായത്ത് അംഗങ്ങളായ ജ്യോതി,  ഉഷാ മനോജ്,  നൈസി ബെന്നി,  പ്രസീതാ വിനോദ്,  സജിമോള്‍ മഹേഷ്,  കെ.കെ രമേശന്‍,  എം.വി മണിക്കുട്ടന്‍ ഷില്‍ജ സലിം,  പഞ്ചായത്ത് സെക്രട്ടറി ഗീത കുമാരി എന്നിവര്‍ പങ്കെടുത്തു.