ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദേവഹരിതം പദ്ധതിക്കു തുടക്കമായി

പത്തനംതിട്ട : ഹരിത കേരളം മിഷനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തരിശു ഭൂമികാര്‍ഷിക സമ്പന്നമാക്കുന്ന ദേവ ഹരിതം പദ്ധതി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ തുടങ്ങി. ദേവസ്വം ബോര്‍ഡ് അംഗം കെ എസ് രവി തുളസി തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ഫലവൃക്ഷ കൃഷി തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. അഞ്ച് ഏക്കറില്‍ തുളസീ വനം, കര നെല്‍കൃഷി, കദളിവാഴ തോട്ടം, ജന്മ നക്ഷത്ര വൃക്ഷങ്ങള്‍, നവഗ്രഹ സസ്യങ്ങള്‍ എന്നിവയാണ് ക്ഷേത്ര അങ്കണത്തില്‍ തയാറാകുന്നത്. പരിപാലനവും തുടര്‍ന്നുള്ള സംരക്ഷണവും ശ്രീ വല്ലഭേശ്വര അന്നദാന സമിതിയുടെ നേതൃത്വത്തില്‍ നടക്കും.
ശ്രീ വല്ലഭേശ്വര അന്നദാന സമിതി പ്രസിഡന്റ് ശ്രീകുമാര പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി കൃഷ്ണ കുമാര്‍ വാര്യര്‍, ഹരിത കേരളം മിഷന്‍ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, ആലപ്പുഴ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. രാജേഷ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ രാധാകൃഷ്ണന്‍ വേണാട്ട്, ജിജീഷ് കുമാര്‍, തിരുവല്ല ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എസ്. ഗോപി നാഥന്‍ പിള്ള, അസിസ്റ്റന്റ് എന്‍ജിനീയര്‍ ജി. സന്തോഷ്, പ്രകൃതി കൃഷി പ്രചാരകന്‍ ഓമനകുമാര്‍ അമ്പാടി, സബ് ഗ്രൂപ്പ് ഓഫീസര്‍ ടി.പി. നാരായണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.