പരുവ ഓരോപൊയ്ക തോടിന്റെ പുനരുജീവനപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

പത്തനംതിട്ട: നീര്‍ച്ചാലുകളുടെ ജനകീയ പങ്കാളിത്തത്തോടെയുള്ള വീണ്ടെടുപ്പ് ലക്ഷ്യമാക്കി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' ക്യാമ്പയിന്റെ ഭാഗമായുള്ള നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ റാന്നി ബ്ലോക്കിന് കീഴിലുള്ള വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ നടന്നു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ നീര്‍ച്ചാല്‍ പുനരുജ്ജീവനയജ്ഞം പമ്പാനദിയുടെ നീര്‍ച്ചാലായ പരുവ ഓരോപൊയ്ക തോടിന്റെ ശുചീകരണം നടത്തി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു ഉദ്ഘാടനം ചെയ്തു. നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുമ്പോള്‍ അത് തുടര്‍ന്നും വൃത്തിയാക്കി സൂക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗിരിജ മധു പറഞ്ഞു.
രണ്ടുകിലോമീറ്റര്‍ നീളമുള്ള പമ്പാ നദിയിലെ നീര്‍ച്ചാലായ ഓരോപൊയ്ക തോടിന്റെ ശുചീകരണമാണ് ഹരിത കര്‍മ്മ സേനയുടെയും തൊഴിലുറപ്പ് പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടന്നത്. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെയാണ് നീര്‍ച്ചാല്‍ പുനരുജീവനപ്രവര്‍ത്തനങ്ങള്‍ നടന്നത്.
വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് മുഖ്യപ്രഭാഷണം നടത്തി. നീര്‍ച്ചാലുകളെ ഹരിതാഭമാക്കുന്ന വലിയ പ്രക്രിയയാണ് പൊതുജന പങ്കാളിത്തത്തോടെ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ കെ.ശ്രീകുമാര്‍, ജി.ബാലഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നീര്‍ച്ചാല്‍ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.