ഇ @ മാരാരി ഓണ്‍ലൈന്‍ പഠന കേന്ദ്രം മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ: ഏതു പ്രതിസന്ധിയും തരണം ചെയ്യാനുള്ള കരുത്ത് കേരളത്തിലെ യുവതലമുറയ്ക്കുണ്ടെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍.   ആലപ്പുഴ ജില്ല പഞ്ചായത്തിന്റെ ഇ- @ മാരാരി പതിനാലാമത് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രതിസന്ധി ഘട്ടത്തെ എങ്ങനെ തരണം ചെയ്യാമെന്ന് എസ്എസ്എല്‍ സി പരീക്ഷയുടെ  ഉജ്ജ്വല വിജയത്തിലൂടെ പുതുതലമുറ കാട്ടിത്തന്നുവെന്ന് മന്ത്രി പറഞ്ഞു.  കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കുട്ടികളുടെ ഭാവിയെയും ഉന്നത പഠനത്തെയും ബാധിക്കാതിരിക്കാന്‍ കൃത്യ സമയത്ത് പരീക്ഷ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍ നേടിയ ഈ വിജയം പൊതു വിദ്യാഭ്യാസ രംഗത്തിന്റെ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനും പൊതു വിദ്യാഭ്യാസ രംഗത്തിനും സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. 

എസ് എല്‍ പുരം വയലാര്‍ രാമവര്‍മ്മ സ്മാരക വായനശാലയില്‍ നടന്ന ചടങ്ങില്‍ എസ്എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 10000 രൂപ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്കും മന്ത്രി തിലോത്തമന് നല്‍കി. 

ചടങ്ങില്‍ ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി മാത്യു അധ്യക്ഷത വാഹിച്ചു. കഞ്ഞിക്കുഴി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ എസ് രാധാകൃഷ്ണന്‍, വാര്‍ഡ് അംഗം പൊന്നമ്മ പൊന്നന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍,  വായനശാല സെക്രട്ടറി ജോഷ്യ എസ് മാലൂര്‍, പ്രസിഡന്റ് പി. ഉത്തമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

യുവശക്തി വായനശാല ഗ്രന്ഥ ശാലയില്‍ ആരംഭിച്ച പതിമൂന്നാമത് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. ടി മാത്യു പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. എസ് ജയ്‌മോഹന്‍, വായനശാല സെക്രട്ടറി പി ടി ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു. 

നവരശ്മി ഓഡിറ്റോറിയത്തില്‍ നടന്ന പതിനഞ്ചാമത് ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ. ടി മാത്യു നിര്‍വഹിച്ചു. നവരശ്മി പ്രസിഡന്റ് മാലൂര്‍ ശ്രീധരന്‍, വാര്‍ഡ് അംഗം പൊന്നമ്മ പൊന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

തുമ്പോളി കലാലയ വായനശാലയിലാണ് ആദ്യ ഓണ്‍ലൈന്‍ പഠന കേന്ദ്രം ജൂണ്‍ മാസം ആരംഭിച്ചത്.  പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങളില്‍ മാസ്‌ക്, സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് പോയിന്റ് എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. 

പ്രാദേശികമായി തിരഞ്ഞെടുത്തിട്ടുള്ള മെന്റര്‍മാര്‍, ചേര്‍ത്തല, ആലപ്പുഴ വിദ്യാഭാസ വകുപ്പിലെ ബി ആര്‍ സിയില്‍ നിന്നും ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപകര്‍,  സി ആര്‍ സി കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിവരാണ് കുട്ടികളുടെ സംശയ നിവാരണത്തിനും അധിക പഠനത്തിനുമായി നേതൃത്വം കൊടുക്കുന്നത്. വിക്‌റ്റേഴ്‌സ് ചാനലിലെ ടൈം ടേബിളിനു പുറമെ കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കിയിട്ടുള്ള ഇന്ററാക്ടിവ് സ്റ്റുഡിയോ വഴി വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ ക്ലാസ്സുകളും  വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.