ഓണ്‍ലൈന്‍ പരാതി പരിഹാരം; 31 പരാതികള്‍ തീര്‍പ്പാക്കി

post

വയനാട് : സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ 31 പരാതികള്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള തീര്‍പ്പാക്കി. ശനിയാഴ്ച രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ 49 പരാതികള്‍ പരിഗണിച്ചു. 45 അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി  വീഡിയോ കോണ്‍ഫറന്‍സ് വഴി  ജില്ലാ കളക്ടറോട് പരാതികള്‍ അറിയിച്ചു. ഇതില്‍   31 പരാതികള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കാത്ത പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഗ്യാസ് ഏജന്‍സി ഗോഡൗണിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് വെച്ച്  ഗ്യാസ് സിലിണ്ടറുകള്‍ വിതരണത്തിന് പോകുന്ന ചെറു വാഹനങ്ങളിലേക്ക് കയറ്റുന്നതിലൂടെ ഗതാഗതം തടസ്സപ്പെടുകയും പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും കാണിച്ച്  ലഭിച്ച പരാതിയില്‍ ഗ്യാസ് ഗോണൗണിന് ചുറ്റുമതില്‍ നിര്‍മ്മിക്കാനും  യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കരുതെന്നും ഗ്യാസ് പ്രൊപ്പറൈറ്റര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ നടപ്പാലം നിര്‍മ്മിച്ച് നല്‍കുന്നതിനായി കോളിയാടി വലിയവട്ടം പാലം പ്രദേശവാസികള്‍ സമര്‍പ്പിച്ച പരാതിയില്‍ പാലത്തിന്റെ നിര്‍മ്മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുവാന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കി. ലൈഫ് ഭവന പദ്ധതി, ചികിത്സാ സഹായം , റേഷന്‍ കാര്‍ഡ്, ബാങ്ക് വായ്പ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെട്ട  അപേക്ഷകളാണ്  അധികമുണ്ടായിരുന്നത്.

കളക്ട്രേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് യൂസഫ്, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു