തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം പിന്നാക്കാവസ്ഥകള്‍ മറികടക്കണം മന്ത്രി എ.സി.മൊയ്തീന്‍

post

വയനാട് : തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തിലെ പിന്നാക്കാവസ്ഥകള്‍ മറിടകടക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍. വൈത്തിരി വില്ലേജില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണ്ടവിധത്തില്‍ ഫണ്ട് വകയിരുത്തിയിട്ടും പദ്ധതി നടത്തിപ്പ് കാര്യക്ഷമമല്ലാത്തതത് നഗര ഗ്രാമ വികസനത്തെ സാരമായി ബാധിക്കുന്നുണ്ട്. പൂര്‍ത്തിയായ പദ്ധതികളുടെ ബില്ലുകള്‍ കാലതാമസമില്ലാതെ സമര്‍പ്പിക്കണം.  സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് മാറി നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഇതിനായുള്ള പണം കണ്ടെത്തും. പ്രളയ ബാധിത പ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണ മടക്കമുള്ള പ്രവൃത്തികള്‍ മഴക്കാലത്ത് മുന്നേ തീര്‍ക്കണം. തനത് ഫണ്ടുകള്‍ക്ക് പുറെമെ റീബില്‍ഡ് കേരളയില്‍ നിന്നും ഇതിനായി പണം അനുവദിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ പദ്ധതി രൂപീകണത്തില്‍ ദുരന്ത ലഘൂകരണ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്തണം. പ്രളയം പോലുള്ള ദുരന്തങ്ങള്‍ വന്നപ്പോള്‍ ജനപ്രതിനിധികളടക്കം തദ്ദേശ സ്ഥാപനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ആവശ്യമായ സൗകര്യങ്ങള്‍ സ്വന്തമായി ഏര്‍പ്പെടുത്താന്‍ വാര്‍ഷിക പദ്ധതികളില്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് കഴിയണം. തൊഴിലുറപ്പ് പദ്ധതിയിലെ കുടിശ്ശിക വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിരന്തരം ഇടപെടുന്നുണ്ട്. കേന്ദ്രത്തില്‍ നിന്നും തുക ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുണ്ടെങ്കിലും അനുവദിക്കാത്തത് ഹിതകരമല്ലെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്‌സനുമായ കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു. നഗര കാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍.ഗിരിജ, അഡീഷണല്‍ സെക്രട്ടറി എം.പി.അജിത്ത് കുമാര്‍, എ.ഡി.എം തങ്കച്ചന്‍ ആന്റണി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രാ നായര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഡിംപിള്‍ മാഗി തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.