സമ്പൂര്‍ണ പച്ചത്തുരുത്താവാന്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്

post

ആലപ്പുഴ : ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്താവാന്‍ ഒരുങ്ങുകയാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമങ്ങളിലും നഗരങ്ങളിലും പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതിലൂടെ പ്രകൃതിയെ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ് പച്ചത്തുരുത്ത്. പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വൃക്ഷതൈ നട്ട് ആര്‍. രാജേഷ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഹരിത കേരളം മിഷന്‍ വിഭാവനം ചെയ്ത പച്ചത്തുരുത്ത് പദ്ധതി മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ് നടപ്പാക്കുന്നത്.

ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ പത്ത് സെന്റ് സ്ഥലത്താണ് പച്ചത്തുരുത്ത് നിര്‍മ്മിക്കുന്നത്. ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലുമായി ആകെ ഏഴ് പച്ചത്തുരുത്തുക്കളാണ് നിര്‍മിക്കുക. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് അധ്യക്ഷത വഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഗീത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗം സ്റ്റാന്റിംഗ് കമ്മിറ്റി അംഗം രമാ ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദില്‍ഷാദ്, ഹരിത കേരള മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍, എം.ജി.എന്‍.ആര്‍.ജി.എസ്. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.