എല്ലാ പഞ്ചായത്തിലും ഒരു കളിസ്ഥലം സര്‍ക്കാരിന്റെ ലക്ഷ്യം

post

വയനാട്: എല്ലാ പഞ്ചായത്തുകളിലും ഒരു കളി സ്ഥലം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍. ജില്ലാ കേരളോത്സവം കണിയാമ്പറ്റയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കായിക മേഖലയില്‍ കൂടുതല്‍ പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്. ഇതിന്റെ ആദ്യ പടിയായി ആയിരം കോടി രൂപയാണ് എല്ലാ ജില്ലകളിലും ഒരു സ്റ്റേഡിയം ഒരുക്കാന്‍ വകയിരുത്തിയത്.  ഇതെല്ലാം നിര്‍മ്മാണ പുരോഗതിയിലാണ്. വയനാട് ജില്ലയില്‍ രണ്ട് സ്റ്റേഡിയമാണ് ഉയര്‍ന്നു വരുന്നത്. നല്ല നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ഇവിടെയും നിര്‍മ്മിക്കുന്നത്. സിന്തറ്റിക് ട്രാക്ക് അടക്കമുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടാകും. കേരളോത്സവം മത്സരം എന്നതിലുപരി നാടിന്റെ ഉത്സവമാണ്. ഗ്രാമീണ രംഗത്തുള്ള കാലാകാരന്‍മാര്‍ക്ക് അവസരം നല്‍കുക എന്നത് കൂടിയാണ് കേരളോത്സവത്തിന്റെ ലക്ഷ്യം. ജാതി വര്‍ഗ്ഗ ചിന്തകള്‍ക്കപ്പുറം സര്‍ഗ്ഗാത്മകതയുടെ ഒരുമയാണ് കേരളോത്സവം പ്രതിഫലിപ്പിക്കുന്നത്. മാറുന്ന കാലഘട്ടത്തില്‍ ഇതുപോലുള്ള വേദികള്‍ കൂടുതല്‍  പ്രാധാന്യമര്‍ഹിക്കുന്നുവെന്നും മന്ത്രി എ.സി.മൊയ്തീന്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി, സിനി ആര്‍ട്ടിസ്റ്റ് വിനോദ് കോവൂര്‍ മുഖ്യാതിതിയായിരുന്നു. ബിജു കണ്ടക്കൈ കേരളോത്സവ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗങ്ങളായ പി.ഇസ്മയില്‍, എ.പ്രഭാകരന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ബിനു ജേക്കബ്ബ് തുടങ്ങിയവര്‍ സംസാരിച്ചു.