തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യം

post

പാലക്കാട്: ജില്ലയില്‍ തമിഴ് മീഡിയം ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ സ്‌കൂളുകളില്‍ പഠന സൗകര്യമൊരുക്കിയതായി സമഗ്ര ശിക്ഷ കേരള ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എം.കെ. നൗഷാദലി അറിയിച്ചു.

തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രാദേശിക ചാനലുകള്‍ വഴിയാണ് സംപ്രേഷണം ചെയ്യുന്നത്. എന്നാല്‍ കേബിള്‍ സൗകര്യമില്ലാത്തവര്‍ക്കും ഡിഷ് ആന്റിന കണക്ഷന്‍ ഉള്ളവര്‍ക്കും പ്രാദേശിക ചാനലുകള്‍ ലഭ്യമാകില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് അതാത് സ്‌കൂളുകളില്‍ അധ്യാപകര്‍ പഠന സൗകര്യമൊരുക്കുന്നുണ്ട്. മീനാക്ഷിപുരം, വാളയാര്‍, ചിറ്റൂര്‍, കൊല്ലങ്കോട്, മുതലമട തുടങ്ങിയ അതിര്‍ത്തി പ്രദേശങ്ങളിലാണ് പ്രധാനമായും തമിഴ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി പഠന സൗകര്യമൊരുക്കിയിരിക്കുന്നത്.

ഒന്നു മുതല്‍ 4 വരെ ക്ലാസ്സുകളിലെയും 8,9,10 ക്ലാസ്സുകളിലെയും തമിഴ് മീഡിയം ഓണ്‍ലൈന്‍ പഠനത്തിനായുള്ള ഷൂട്ടിംഗ് പാലക്കാടും 5,6,7 ക്ലാസുകളിലേയ്ക്കുള്ള ഷൂട്ടിംഗ് ഇടുക്കിയിലുമാണ് നടക്കുന്നത്. ഓരോ വിദ്യാര്‍ത്ഥിയ്ക്കും വ്യക്തിപരമായി പഠന സൗകര്യമൊരുക്കുന്നതിനേക്കാള്‍ കൂട്ടായ പഠന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.