കോവിഡ് 19: ജില്ല കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് മന്ത്രി ജി സുധാകരന്‍

post

ജില്ലയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ കായംകുളം എല്‍മെക്‌സ് ആശുപത്രി മന്ത്രി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജില്ല കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കായംകുളം എല്‍മെക്‌സ് ആശുപത്രി ജില്ലയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകായിരുന്നു മന്ത്രി. 40 ദിവസങ്ങളോളം ഒരു കോവിഡ് രോഗി പോലും ഇല്ലാതിരുന്ന ജില്ലയാണ് ആലപ്പുഴയെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്ഥിതി അതല്ല. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഏറെ കരുതലോടെ വേണം നോക്കിക്കാണാന്‍. അതിനാലാണ് ജനങ്ങള്‍ രോഗ പ്രതിരോധത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് പറയുന്നത്. അല്ലാത്തപക്ഷം നാം സ്വയം മരണത്തെ വിളിച്ചുവരുത്തുന്ന സ്ഥിതിയാകും ഉണ്ടാവുക. അനാവശ്യമായി കൂട്ടം ചേരുന്നതും മാസ്‌ക് ധരിക്കാതെയുള്ള ഇടപഴകലുകളും കര്‍ശനമായി ഒഴിവാക്കണം.

ജില്ലയിലെത്തുന്ന പ്രവാസികള്‍ക്കും അന്യ സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ക്കുമുള്ള ക്വാറന്റിന്‍ സൗകര്യങ്ങള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. വന്‍കിട ഹോട്ടലുകള്‍ മാത്രം താമസത്തിനായി തിരഞ്ഞെടുക്കുന്ന പ്രവണത ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. എത്ര പേരെത്തിയാലും താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 250 ബെഡുകളുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാണ് കായംകുളം എല്‍മെക്‌സ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. എല്‍മെക്‌സ് കോവിഡ് സെന്ററിലേക്ക് ജൂബി മുളമൂട്ടില്‍ സംഭാവന ചെയ്ത 150 ഫാനുകളും മന്ത്രിയും, ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടറും യു പ്രതിഭ എം എല്‍ എയും ചേര്‍ന്നു ജൂബിയില്‍ നിന്നും ഏറ്റുവാങ്ങി. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കാന്‍ എല്‍മെക്‌സ് ആശുപത്രി വിട്ടുനല്‍കിയ ആശുപത്രി മാനേജ്‌മെന്റിനും ഫാനുകള്‍ സംഭാവന നല്‍കിയ ജൂബിക്കും സര്‍ക്കാരിന്റെയും, ജില്ലാ ഭരണകൂടത്തിന്റെയും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. 

യു പ്രതിഭ എം എല്‍ എ, ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍, പത്തിയൂര്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ സുകുമാരന്‍, എല്‍മെക്‌സ് ആശുപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോഷി തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍.അനിതകുമാരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആവശ്യം വരുന്ന സാഹചര്യത്തില്‍ കോവിഡ് രോഗലക്ഷണമുള്ളവരെ ഇവിടെ പ്രവേശിപ്പിക്കും. മെഡിക്കല്‍ കോജേജിന്റെ ഭാഗമായാവും ഇതിന്റെ പ്രവര്‍ത്തനം.