ആര്‍.ടി.പി.സി.ആര്‍. ലാബിലൂടെ അഞ്ച് മണിക്കൂറിനുള്ളില്‍ കോവിഡ് ഫലം അറിയാം

post

പാലക്കാട് : പാലക്കാട് ഗവ.മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധനയ്ക്കായി  ആര്‍.ടി.പി.സി.ആര്‍ (റിയല്‍ ടൈം - റിവേഴ്സ് ട്രാന്‍സ്‌ക്രിപ്ഷന്‍ പോളിമെറൈസ് ചെയിന്‍ റിയാക്ഷന്‍ ടെസ്റ്റ്) ലാബ് സജ്ജമാക്കിയതോടെ ഇനി മുതല്‍  നാല് - അഞ്ച് മണിക്കൂറിനുള്ളില്‍  കോവിഡ് ഫലം അറിയാനാവും. മൈക്രോബയോളജി വകുപ്പിനു കീഴിലാണ് ലാബിന്റെ പ്രവര്‍ത്തനം.

ഒരു ദിവസം ഏകദേശം 300 സാമ്പിളുകളാണ് പരിശോധിക്കുക. ആദ്യ പടിയായി 46 സാമ്പിളുകളുടെ പരിശോധന നടത്തിയിട്ടുണ്ട്. രോഗ സാധ്യതയുള്ളവരുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും സ്രവം എടുത്താണ് പരിശോധന നടത്തുക.  ടെസ്റ്റ് മുഖേന നാല്-അഞ്ച് മണിക്കൂറിനുള്ളില്‍ ഫലം അറിയാനും വിവരം സംസ്ഥാന കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കാനും അവിടെനിന്ന് ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുകയും ചെയ്യും. ലാബില്‍ പരിശോധന ആരംഭിക്കുന്നതോടെ ജില്ലയില്‍ കോവിഡ് ഫലം നിലവിലുള്ളതിനേക്കാള്‍ വേഗത്തില്‍ ലഭിക്കും. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് 40 ലക്ഷം രൂപ അനുവദിച്ചാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്. നിലവില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് പരിശോധന നടത്തുന്നത്.