മാറ്റത്തിനൊരുങ്ങി ആലപ്പുഴയുടെ പ്രവേശന കവാടം

post

ആലപ്പുഴ: ജില്ലയുടെ പ്രവേശന കവാടമായ, അമ്പലപ്പുഴ - ആലപ്പുഴ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് വാടക്കനാലിന് കുറുകെ സ്ഥിതി ചെയ്യുന്ന ശവക്കോട്ട് പാലം മാറ്റത്തിനൊരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഈ പാലത്തിന്റെ വീതി കൂട്ടുന്നതിന്റെയും കൊമ്മാടിപ്പാലം പുനര്‍നിര്‍മിക്കുന്നതിന്റെയും ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചതിലൂടെ ആലപ്പുഴയുടെ പ്രവേശന മുഖമാണ് കാലത്തിനൊത്ത് മാറുന്നത്. 

ദേശീയ പാത 66 കടന്നുപോകുന്നത് മൂലം നിലവിലെ സാഹചര്യത്തില്‍ പലപ്പോഴും ശവക്കോട്ടപ്പാലത്തില്‍ ഗതാഗത തടസ്സം രൂക്ഷമാണ്. ഇത് പരിഹരിക്കാനാണ് തൊട്ടടുത്ത് മറ്റൊരു പാലം കൂടി പണിത് പാലത്തിന് വീതികൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കൂടാതെ കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ കൊമ്മാടി - കൈചൂണ്ടി റോഡില്‍ എ.എസ്. കനാലിന് കുറുകെയുള്ള കൊമ്മാടി പാലം പുനര്‍നിര്‍മ്മിക്കേണ്ടതും ആവശ്യമായിരുന്നു. ഈ സാഹചര്യത്തില്‍ ശവക്കോട്ടപാലത്തിന് സമാന്തരമായി ഒരു പാലവും ഒരു നടപ്പാലവും കൊമ്മാടി പാലം പുനര്‍നിര്‍മ്മാണത്തിനും സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 31.10.2016ന് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

വിശദമായ പരിശോധനകള്‍ക്ക് ശേഷം 28.45 കോടി രൂപയുടെ സാമ്പാത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭിച്ചു. ഇതില്‍ 1.95 കോടി രൂപ സ്ഥലം ഏറ്റെടുപ്പിനായി വകയിരുത്തിയിട്ടുണ്ട്. ശവക്കോട്ട - കൊമ്മാടി പാലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 220 കിലോ മീറ്റര്‍ റോഡും കൊമ്മാടി പാലം മുതല്‍ നാഷണല്‍ ഹൈവേ 66 വരെയുള്ള 125 മീറ്റര്‍ റോഡിന്റെ പുനരുദ്ധാരണവും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള ശവക്കോട്ട പാലത്തിന് സമാന്തരമായി ഒരു സ്പാനോടുകൂടി 25.8 മീറ്ററാണ് ആകെ നീളം. 12 മീറ്റര്‍ കരേജ് വേയും ഉണ്ട്. പുതുതായി നിര്‍മ്മിക്കുന്ന പാലത്തില്‍ നിന്നും 1.2 മീറ്റര്‍ മാറി ഒരു നടപ്പാലം 22.8 മീറ്റര്‍ നീളത്തിലും 7.8 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്നുണ്ട്. ഇത് കാല്‍നടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് വളരെയേറെ ഗുണം ചെയ്യുന്നതാണ്. നിലവിലുള്ള കൊമ്മാടി പാലം പൂര്‍ണ്ണമായും പൊളിച്ച് പണിയുമ്പോള്‍പുതിയ പാലത്തിന് ഒരു സ്പാനോടു കൂടി 29 മീറ്റര്‍ നീളവും 14 മീറ്റര്‍ ക്വാജ് വേയും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതം വീതിയുള്ള നടപ്പാതകളും, ലാന്‍ഡ്‌സ്‌കേപ്പിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്.