റീ ബില്‍ഡ് പുത്തുമല- ഹര്‍ഷം പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
 
                                                വീടുകളുടെ തറക്കല്ലിടല്‍ രാവിലെ 11.30 ന്
വയനാട്:  റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് - പുത്തുമല പുനരധിവാസ പദ്ധതിയ്ക്ക് ഇന്ന് (ജൂണ്‍ 23) തുടക്കം കുറിക്കും. രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനവും വീടുകളുടെ തറക്കല്ലിടല്‍ കര്‍മ്മവും ഓണ്‍ലൈനായി നിര്‍വ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി  കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റില്‍ ചടങ്ങുകള്‍ക്കായി പ്രത്യേക വേദിയൊരുക്കിയിട്ടുണ്ട്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ സ്വാഗതവും രാഹുല്‍ഗാന്ധി എം.പി മുഖ്യപ്രഭാഷണവും നടത്തും.  ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ മുഖ്യാതിഥിയായിരിക്കും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ തുടങ്ങിയവര്‍ വിശിഷ്ടാതിഥിതികളായിരിക്കും.  റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ട് - പുത്തുമല പുനരധിവാസ പദ്ധതി 'ഹര്‍ഷം' (Happiness And Resilience SHared Across Meppady) എന്ന പേരിലാണ് അറിയപ്പെടുക.
പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ ഏഴ് ഏക്കര്‍ ഭൂമി മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റാണ് വാങ്ങി നല്‍കിയത്. സ്നേഹഭൂമി എന്ന് പേരിട്ടിരിക്കുന്ന ഇവിടെ 58 വീടുകളാണ് ആദ്യ ഘട്ടത്തില്‍ ഉയരുക. ഇതില്‍ 52 പ്ലോട്ടുകള്‍ക്ക് നറുക്കെടുപ്പിലൂടെ അവകാശികളെ കണ്ടെത്തിയിട്ടുണ്ട്. ആര്‍ക്കിടെക്ട് അസോസിയേഷന്റെ കോഴിക്കോട് ചാപ്റ്ററാണ് വീടുകളുടെ രൂപരേഖ തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിക്കാനായി 4 ലക്ഷം രൂപ വീതം നല്‍കും. സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണവും വീടുകളുടെ നിര്‍മാണത്തിനുണ്ട്. ഹെല്‍ത്ത് സെന്റര്‍, കമ്മ്യൂണിറ്റി സെന്റര്‍, കുടിവെളള സൗകര്യം, മറ്റ് പൊതുസൗകര്യങ്ങളും ഇവിടെയുണ്ടാകും.  










