ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും ഓണ്‍ലൈനില്‍

post

 വയനാട് : തിരുനെല്ലി പഞ്ചായത്തിലെ ഇരുനൂറോളം ഗോത്രവിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി തിരുനെല്ലിയിലെ ട്രൈബല്‍ വകുപ്പ് ജീവനക്കാര്‍. അറവനാഴി കാളിന്ദി ,കാരമാട് ,ആക്കൊല്ലിക്കുന്ന് ,സര്‍വ്വാണി എന്നീ ആദിവാസി കോളനിയിലേക്കാണ് ഇവര്‍ 4 ടിവികള്‍ നല്‍കിയത്. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, സാമൂഹ്യ സേവകന്‍, ഓഫീസ് സ്റ്റാഫ് ,പ്രമോട്ടര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് പിരിച്ചെടുത്ത 52000 രൂപ ഉപയോഗിച്ചാണ് കോളനികളിലേക്ക് ടി.വി വാങ്ങിയത്. 

ഒ.ആര്‍.കേളു എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി അധ്യക്ഷത വഹിച്ചു. കോളനികളിലെ 200 ഓളം പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന് എം.എല്‍.എ വ്യക്തമാക്കി. നേരത്തെ ട്രൈബല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ 12 ടി.വികളും  പഞ്ചായത്തിലെ വിവിധ കോളനികളില്‍ എത്തിച്ചിരുന്നു. ചടങ്ങില്‍ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ ജി. പ്രമോദ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍. ടി.നജുമുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ പി.എന്‍. ഹരീന്ദ്രന്‍, സി.എസ്.ഡബ്ള്യൂ ഒ.എം. ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.