ഓണ്‍ലൈനില്‍ പരാതി പരിഹാരം ; തീര്‍പ്പാക്കിയത് 44 പരാതികള്‍

post

 വയനാട്  : കോവിഡ് കാലത്ത് വേറിട്ട അനുഭവമായി ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ശ്രദ്ധേയമായി. മാനന്തവാടി താലൂക്ക് പരിധിയിലെ പരാതികളാണ് ജില്ലയിലെ ആദ്യത്തെ ഓണ്‍ലൈന്‍ അദാലത്തില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള പരിഗണിച്ചത്.  ഒരോ അപേക്ഷകനും അനുവദിച്ച സമയത്ത് അക്ഷയ കേന്ദ്രങ്ങളിലെത്തി വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളകടറോട് പരാതി ബോധിപ്പിക്കുന്ന തരത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. ഓരോ പരാതികളിലും പരിഹാരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ജില്ലാ കളക്ടര്‍ നല്‍കി.

     ചൊവ്വാഴ്ച്ച രാവിലെ 10.30 മുതല്‍ നടന്ന അദാലത്തിലേക്ക് 78 അപേക്ഷകളാണ് പരിഗണിച്ചത്. 68 അപേക്ഷകരാണ് നേരിട്ട് ജില്ലാ കളക്ടറുമായി സംസാരിക്കാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ എത്തിയത്. ഇതില്‍ 44 പരാതികള്‍ തീര്‍പ്പാക്കി.   തീര്‍പ്പാക്കാത്ത പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഈ പരാതികളില്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍കള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അക്ഷയ കേന്ദ്രങ്ങളില്‍ എത്തിയ പരാതിക്കാരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. തഹസില്‍ദാര്‍ അടക്കമുളള മറ്റ് ഉദ്യോഗസ്ഥര്‍ അതത് ഓഫീസുകളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി അദാലത്തില്‍ പങ്കാളികളായി.

 ഓണ്‍ലൈന്‍ പഠന ക്ലാസ് ലഭിക്കുന്നതിനായി തിരുനെല്ലി പഞ്ചായത്തിലെ രണ്ട് പട്ടിക വര്‍ഗ കുടുംബങ്ങളില്‍ നിന്നും ലഭിച്ച  അപേക്ഷകളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മാനന്തവാടി ട്രൈബല്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ലൈഫ് പദ്ധതി, ദുരിതാശ്വാസ നിധി എന്നിവയിലേക്കുളള അപേക്ഷകള്‍, സര്‍വ്വെ സംബന്ധിച്ച പരാതികള്‍, റേഷന്‍കാര്‍ഡ്, ചികിത്സാ സഹായം തുടങ്ങിയവയണ്  അപേക്ഷയില്‍ അധികമുണ്ടായിരുന്നത്.  ഓരോ മാസത്തിലേയും മൂന്നാമത്തെ ശനിയാഴ്ച്ച  നടത്തി വന്നിരുന്ന താലൂക്ക്തല പരാതി പരിഹാര അദാലത്താണ് കോവിഡ് പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സര്‍ക്കാര്‍  നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈനില്‍ സംഘടിപ്പിച്ചത്.

     കളക്ട്രേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ്, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, ഡെപ്യൂട്ടി കളക്ടര്‍മാരായ ഇ.മുഹമ്മദ് യൂസഫ്, കെ. അജീഷ്, ഐ.ടി. ജില്ലാ പ്രോജക്ട് മാനേജര്‍ നിവേദ്, റവന്യ ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.