കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമം

post

വയനാട് :  കോവിഡിന്റെ സമൂഹ വ്യാപനം തടയുന്നതിലും നിരീക്ഷണ സംവിധാന മൊരുക്കുന്നതിലും  കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഭൂരിഭാഗം മേഖലകളിലും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ ആരും ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്. ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ട്രേറ്റില്‍ ചേര്‍ന്ന  യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.  

     സമൂഹ വ്യാപന പരിശോധന നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ മുന്നൂറ്റമ്പതോളം ആന്റി ബോഡി ടെസ്റ്റുകള്‍ നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക യോഗത്തെ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് കെയര്‍ സെന്ററായി മാറ്റിയ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ റൊട്ടേഷന്‍ പ്രകാരം ജോലി ചെയ്യുന്നതിനുളള ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ചികില്‍സ രംഗത്തും കൂടുതല്‍ പേര്‍ക്ക് പരിചയം നേടാന്‍ ഇത്തരം ക്രമീകരണങ്ങള്‍  സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

    മുത്തങ്ങ അതിര്‍ത്തി വഴി നിലവില്‍ ദിവസേന നാനൂറോളം ആളുകള്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതായി യോഗം വിലയിരുത്തി. പാസില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. വാഹനങ്ങള്‍ റാന്‍ഡം പരിശോധന നടത്തണം. നിലവില്‍ 598 പ്രവാസികളാണ് ജില്ലയിലേക്ക് എത്തിയതെന്ന് നോഡല്‍  ഓഫീസര്‍ പി.സി മജീദ് പറഞ്ഞു. ജില്ലയില്‍ നിന്നും 4938 അതിഥി തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയതായി നോഡല്‍ ഓഫീസര്‍ പി.എം ഷൈജു യോഗത്തെ അറിയിച്ചു.

      യോഗത്തില്‍ സി.കെ ശശീന്ദന്‍ എം,എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, ജില്ലാ പോലീസ് മേധാവി ആ.ഇളങ്കോ, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക,വി.എ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.