അരൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് തുടക്കമായി

post

ആലപ്പുഴ: അരൂര്‍ നിയോജകമണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നതിനുള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. അരൂര്‍ നിയോജക മണ്ഡലത്തിലെ ഉള്‍പ്രദേശങ്ങളിലും വികസനം സാധ്യമാകുന്ന ഈ പദ്ധതി നാടിന് വലിയൊരു മുതല്‍ക്കൂട്ടാകുമെന്ന് എംപി പറഞ്ഞു. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, അരൂക്കുറ്റി, പാണാവള്ളി, പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഉള്‍പ്രദേശങ്ങളുടെ വികസനം, ടൂറിസം പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് റോഡുകള്‍ നവീകരിക്കുന്നത്. 201920 സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി 20 കോടി രൂപയാണ് ഈ പദ്ധതിക്കായി പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ അനുവദിച്ചത്.

10.11 കി.മീ. ആകെ നീളം വരുന്ന ഒന്‍പത് റോഡുകള്‍ ബി.എം.&ബി.സി നിലവാരത്തിലാണ് നിര്‍മിക്കുന്നത്. അരൂര്‍ പഞ്ചായത്തിലെ വട്ടക്കേരി ക്ഷേത്രം റോഡ്, പള്ളിയറക്കാവ് നാഷണല്‍ ഹൈവേ പളളി ജങ്ഷന്‍ റോഡ്, എഴുപുന്ന പഞ്ചായത്തിലെ കൊച്ചുവെളി കവല ശ്രീനാരായണപുരം റോഡ്, കുത്തിയതോട് പഞ്ചായത്തിലെ എന്‍.സി.സി ജംഗ്ഷന്‍ മുതല്‍ തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ്, തുറവൂര്‍ പഞ്ചായത്തിലെ ടി.ഡി. അമ്പലം റോഡ്, പാണാവള്ളി പഞ്ചായത്തിലെ ഓടാമ്പള്ളി ജംഗ്ഷന്‍ കണ്ണാട്ട് കലിങ്ക് റോഡ്, പാണാവള്ളി നാല്‍പ്പത്തൊന്നീശ്വരം റോഡ്, തൃച്ചാറ്റുകുളം കുടപുറം റോഡ്, അരൂക്കുറ്റി പഞ്ചായത്തിലെ പാതുവാപുരം പള്ളി റോഡ്, എന്നീ റോഡുകളാണ് ബി.എം&ബി.സി നിലവാരത്തില്‍ നിര്‍മിക്കുന്നത്. കൂടാതെ 17.4 കി.മീ. ആകെ നീളം വരുന്ന 12 റോഡുകള്‍ 20 എം.എം ചിപ്പിങ് കാര്‍പ്പറ്റ് ഉപയോഗിച്ച് നവീകരിക്കുന്നതിനും ആറ് റോഡുകളിലും വെള്ളക്കെട്ടുള്ള ഭാഗങ്ങളില്‍ ഇന്റര്‍ ലോക്ക് ടൈല്‍ പാകുന്നതിനും പദ്ധതിയുണ്ട്. 

കോടംതുരുത്ത് എന്‍.സി.സി കവലയില്‍ നടന്ന ചടങ്ങില്‍ ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരന്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് സി.റ്റി വിനോദ്, കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പന്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബി.വിനു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജശ്രീ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.