തണ്ണീര്‍മുക്കം- മുഹമ്മ പഞ്ചായത്തുകള്‍ കൈകോര്‍ത്തു

പുത്തനങ്ങാടി- പുളിക്കേച്ചിറ തോടിന് ശാപമോക്ഷം
ആലപ്പുഴ: തണ്ണീര്‍മുക്കം -പുത്തനങ്ങാടി പുളിക്കേച്ചിറ തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുളിക്കച്ചിറ കടവില്‍ നടന്ന ചടങ്ങ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ അദ്ധ്യക്ഷത വഹിച്ചു.
ഏറെനാളായി തോടിനെ സംബന്ധിച്ചുള്ള അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് മലിനമായി കിടക്കുകയായിരുന്നു പുളിക്കേച്ചിറ തോട്. മാലിന്യ പ്രശ്നം രൂക്ഷമായതോടെ തോടിന്റെ പുനരുജ്ജീവനത്തിനായി തണ്ണീര്‍മുക്കം - മുഹമ്മ ഗ്രാമ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തോട് മാലിന്യമുക്തമാക്കാന്‍ തീരുമാനമായത്. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുധര്‍മ്മ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയാമണി, വി.എം സുഗാന്ധി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എന്‍.വി ഷാജി, യമുന കെ.ആര്, വാരണം ബാങ്ക് പ്രസിഡന്റ് അഡ്വ.പി.എസ് ഷാജി ,എം.സി ടോമി, അസിസ്റ്റന്റ് എഞ്ചിനീയര്‍ സ്മിതി എന്നിവര്‍ പങ്കെടുത്തു.
ജലസേചന വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ട് ലക്ഷം രൂപയുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന പുത്തനങ്ങാടി മാര്‍ക്കറ്റിലേക്ക് വേമ്പനാട് കായല്‍ വഴിയുളള പ്രധാന പ്രവേശനകാവാടമായിരുന്നു ഒരു കാലത്ത് പുത്തനങ്ങാടി തോട്. മുന്‍കാലങ്ങളില്‍ ആലപ്പുഴ കോട്ടയം, എറണാകുളം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തുന്ന കെട്ടുവള്ളങ്ങള്‍ അടുപ്പിക്കുന്ന കടവുമായിരുന്നു പുത്തനങ്ങാടി തോട്.