ഓട്ടോകാസ്റ്റ്: മൂന്നുമാസത്തെ കുടിശ്ശിക ശമ്പളം ഈ മാസം തന്നെ നല്‍കും-മന്ത്രി ഇ പി ജയരാജന്‍

post

ആലപ്പുഴ: ചേര്‍ത്തല ഓട്ടോ കാസ്റ്റില്‍ തൊഴിലാളികള്‍ക്ക് കുടിശ്ശികയുള്ള മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തെ ശമ്പളം സര്‍ക്കാര്‍ പണം കണ്ടെത്തി ഈ മാസം തന്നെ നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഓട്ടോകാസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഒപ്പമുണ്ടായി. ഓട്ടോ കാസ്റ്റിലെ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി ഇ.പി.ജയരാജനും മന്ത്രി തോമസ് ഐസക്കും ഏറെ നേരം ചര്‍ച്ചയും നടത്തി. കമ്പനി വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.

കമ്പനിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മാനേജ് മെന്റ് പ്രതിനിധി, യൂണിയന്‍ പ്രതിനിധി, സാങ്കേതിക വിദഗ്ധന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയെ നിശ്ചയിക്കുമെന്ന് മന്ത്രി പറഞ്ഞു. സമിതി രണ്ടുമാസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇന്നുവരെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി തൊഴിലാളികളെ നിലനിര്‍ത്തി മുന്നോട്ടു പോകുന്നതിനുള്ള പദ്ധതിയാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുകയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി . കെഎസ്ഇബിയുടെ കുടിശിക സംബന്ധിച്ച് ഒരു വട്ടം കൂടി അവരുടമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സ്ഥാപനത്തിനായി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന എം ഡിയെ ഒരു മാസത്തിനകം നിയമിക്കുമെന്നും മന്ത്രി ഇ പി ജയരാജന്‍ വ്യക്തമാക്കി. കമ്പനിയും തൊഴിലാളി യൂണിയനുകളും ചേര്‍ന്ന് ഉല്‍പ്പാദനക്ഷമത കാര്യമായി വര്‍ധിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ചര്‍ച്ചയില്‍ പറഞ്ഞു. നാല്‍പ്പതി കോടി രൂപയോളം സര്‍ക്കാര്‍ ഓട്ടോകാസ്റ്റിന് നല്‍കിയിട്ടുണ്ട്. ഒരു മാസം 500 മെട്രിക് ടണ്‍ എന്ന ഉല്‍പ്പാദനം ലക്ഷ്യം കൈവരിക്കണം. എന്നാല്‍ ഇപ്പോള്‍ 170 മെട്രിക് ടണ്‍ മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 400 മെട്രിക് ടണ്ണെങ്കിലും ആക്കുന്നതിനുള്ള കാര്യപരിപാടികള്‍ ആലോചിച്ച് യൂണിയനുകള്‍ സമീപിക്കാന്‍ മന്ത്രി തോമസ് ഐസക് നിര്‍ദ്ദേശിച്ചു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്ന വിഷയത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണ് ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബോഗി നിര്‍മാണത്തിന് ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങിയ ഇനത്തില്‍ നല്‍കാനുള്ള കുടിശ്ശിക നികത്തുന്നതിന് വഴി കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

പുതുതായി ഓട്ടോകാസ്റ്റ് ആരംഭിക്കുന്ന 4 മെഷീനുകള്‍ പ്രവര്‍ത്തനക്ഷമമാകുന്ന നടപടി വേഗത്തില്‍ നടക്കുന്നതായി എം.ഡി എസ്.ശ്യാമള പറഞ്ഞു. റെയില്‍വേ ഡിസൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ നാല് ഘട്ടങ്ങളായി നല്‍കേണ്ട അനുമതികള്‍ ഓട്ടോകാസ്റ്റിന് ലഭിച്ചുകഴിഞ്ഞു. ആലപ്പുഴയിലെ ഒരു കമ്പനിക്ക് ഇത്തരത്തിലുള്ള അനുമതി ലഭിക്കുന്നത് വലിയ കാര്യമാണ്. ഇത് കൂടാതെ നോര്‍ത്ത് റെയില്‍വേയില്‍ നിന്ന് അഞ്ചു ബോഗികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഡെവലപ്‌മെന്റ് ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. കോവിഡ് ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് ഇത് ലഭിച്ചതെന്നും ശ്യാമള ചൂണ്ടിക്കാട്ടി.