മലയോരത്തിന് ആശ്വാസം പൂടംങ്കല്ല് താലൂക്ക് ആശുപത്രി ഉദ്ഘാടനം നാളെ

post

കാസര്‍കോട് : പൂടംങ്കല്ലിലെ വെള്ളരിക്കുണ്ട് താലൂക്കാശുപത്രി പ്രഖ്യാപനവും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ ആശുപത്രികെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂണ്‍ എട്ടിന് നടക്കും. രാവിലെ 12:30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.

മലയോരത്തെ പ്രധാന ആശ്രയമായ പൂടംങ്കല്ല് ആശുപത്രിയില്‍ മികച്ച ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിനായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുത്തി  കെട്ടിടമൊരുക്കാന്‍ 5.22 കോടി രൂപയാണ്  നബാര്‍ഡില്‍ നിന്ന് അനുവദിച്ചത്. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 70 രൂപയും  എന്‍.ആര്‍.എച്ച്.എം. അനുവദിച്ച ഏഴുലക്ഷം രൂപയും ഉപയോഗിച്ചാണ് അനുബന്ധ പ്രവൃത്തികള്‍പൂര്‍ത്തീകരിച്ച് കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങിയത്. കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയില്‍ നിലവില്‍  ഷീറ്റിട്ട പഴയ കെട്ടിടത്തിലാണ് പുരുഷ-വനിതാ വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. ദിവസേന 600-700 രോഗികളാണ് ഇവിടെ എത്തുന്നത്.

പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പുരുഷ-വനിതാവാര്‍ഡുകളും കുട്ടികളുടെ വാര്‍ഡുമായിരിക്കും പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ അടിയന്തര ചികിത്സാവിഭാഗം, ഒ.പി.വിഭാഗം, ഫാര്‍മസി, ലബോറട്ടറി തുടങ്ങിയവയായിരിക്കും. എന്‍.ആര്‍.എച്ച്.എമ്മിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസവ ശുശ്രൂഷാ വിഭാഗം, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയായിരിക്കും രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ കിടത്തിച്ചികിത്സ നടക്കുന്ന കെട്ടിടം നവീകരിച്ച് ഡയാലിസിസ് കേന്ദ്രം തുടങ്ങാനാണ് തീരുമാനം. നിലവില്‍ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി യുണിറ്റ്, സ്താനാര്‍ബുദം ബാധിച്ചവര്‍ക്കായി ലിംഫിഡിമ ക്ലിനിക്, ഡയറ്റീഷന്‍, എച്ച് ഐ വി രോഗികള്‍ക്കായുള്ള ഐ സി ടി സിയുടെ  ജോതിസ് യുണിറ്റ്, ഡെന്റല്‍ യുണിറ്റ് തുടങ്ങിയവയുടെ സേവനവും ലഭ്യമാകും.