കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഇ - പാഠശാല പദ്ധതി നടപ്പാക്കും

post

വയനാട് : കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ഇ-പാഠശാല' തുടങ്ങും. വിക്ടെഴ്സ് ചാനലിലൂടെ നല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജൂണ്‍ 15 നകം  ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ലഭ്യമാകും.  സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  ജൂണ്‍ 6, 7 തിയതികളില്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ വാര്‍ഡ്തല വിവര ശേഖരണം നടത്തും. ജൂണ്‍ 9 നകം പഞ്ചായത്തുകള്‍ വായനശാലകള്‍, ക്ലബ്ബുകള്‍, സാംസ്‌കാരികനിലയങ്ങള്‍, അംഗന്‍വാടികള്‍, സാമൂഹ്യപഠനമുറികള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍, പ്രാദേശിക പ്രതിഭ കേന്ദ്രങ്ങള്‍ എന്നിങ്ങനെ പൊതു ഇടങ്ങള്‍ കണ്ടെത്തും. പൊതു ഇടങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അയല്‍പക്ക പഠനകേന്ദ്രങ്ങളിലാകും പഠനം. ലൈബ്രറികള്‍, സഹകരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ക്ലാസുകള്‍ക്കാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കും. നിയോജകമണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി 34000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പ്രാഥമിക കണക്ക് പ്രകാരം 2132 വിദ്യാര്‍ത്ഥികള്‍ക്ക്  ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള സൗകര്യമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

    പഞ്ചായത്ത്/നഗരസഭാ അദ്ധ്യക്ഷന്മാര്‍, മെമ്പര്‍മാര്‍, പഞ്ചായത്തിലെ പ്രധാന അധ്യാപകര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ആശാ വര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ബി.ആര്‍.സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തുള്ള പി.ഇ സി/ എം.ഇ.സി യോഗങ്ങളും വാര്‍ഡ്തല യോഗങ്ങളും പദ്ധതിയുടെ ഭാഗമായി ചേരും. വാര്‍ഡ്തല യോഗത്തില്‍ വാര്‍ഡ് മെമ്പര്‍, വാര്‍ഡ് പരിധിയിലെ ബ്ലോക്ക്/ജില്ലാ പഞ്ചായത്ത് മെമ്പര്‍, വാര്‍ഡ് പരിധിയിലെ അധ്യാപകര്‍, എ ഡി എസ് പ്രതിനിധി, പി ടി എ അംഗങ്ങള്‍, എസ് ടി/എസ് സി  പ്രമോട്ടര്‍മാര്‍, ഗോത്ര ബന്ധു അധ്യാപകര്‍, വായനശാല/ക്ലബ് പ്രതിനിധികള്‍, വാര്‍ഡ് വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ഐ ടി ഡി പി പ്രോജക്റ്റ് ഓഫീസര്‍ കെ.സി ചെറിയാന്‍, മണ്ഡലത്തിലെ മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.