സുരേഷിന് മുന്നിലെത്തിയാല്‍ തത്സമയം കിട്ടും ഫോട്ടോ തോല്‍ക്കും ചിത്രങ്ങള്‍

post

ആലപ്പുഴ/ മാവേലിക്കര: കൈയിലെ പെന്‍സിലുകൊണ്ട് കൊണ്ട് ഒരു ഫോട്ടോഗ്രാഫറെ പോലെ മുന്നിലിരിക്കുന്ന ആളുടെ മുഖം ഒപ്പിയെടുക്കുക, ഗദ്ദിക വേദിയിലെത്തുന്നവരെ തന്റെ കഴിവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് തൃശ്ശൂര്‍ ആറാട്ടുപുഴ സ്വദേശി പി കെ സുരേഷ്. ലൈവ് പോര്‍ട്രയിറ്റ് പരിപാടിയില്‍ 15-20 മിനുട്ടിനുള്ളിലാണ് സുരേഷ് ചാര്‍ക്കോള്‍ ചിത്രങ്ങള്‍ ഒരുക്കുന്നത്. അതിനു ഈടാക്കുന്നതോ വളരെ തുച്ഛമായ നിരക്കും. 

ഒരു ദിവസം കുറഞ്ഞത് 15 ചിത്രങ്ങള്‍ വരെ വരയ്ക്കാറുണ്ടെന്ന് സുരേഷ് പറയുന്നു. 33 വര്‍ഷമായി വിവിധ മേളകളിലെ സ്ഥിരം സാന്നിധ്യമാണ് സുരേഷ്. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലാണ് ചിത്രകല പഠിച്ചത്. എണ്ണഛായത്തിലും ഇലഛായത്തിലും ബാംബു, അക്രിലിക് പെയിന്റിങ്ങിലുമായി പതിനായിരക്കണക്കിന് സൃഷ്ടികള്‍ രചിച്ചു. രാജ്യത്തെമ്പാടുമുള്ള മേളകളില്‍ പങ്കെടുത്തിട്ടുണ്ട്. ചിത്രകാരിയായ ഭാര്യ വസുന്ധരയും ഗദ്ദിക വേദിയില്‍ ഒപ്പമുണ്ട്.