നിയോജകമണ്ഡല തലത്തിലും പഞ്ചായത്ത് തലത്തിലും സര്‍വ്വകക്ഷി യോഗം ചേരും

post

വയനാട്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനും നിയോജകമണ്ഡല തലത്തിലും പഞ്ചായത്ത് തലത്തിലും സര്‍വ്വകക്ഷി യോഗം ചേരും. ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല സര്‍വ്വകക്ഷിയോഗത്തിലാണ് തീരുമാനം. വിദേശത്ത് നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ജില്ലയില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ സഹകരണമുണ്ടാകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം വിലയിരുത്തി. പോലീസിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ജാഗ്രതയോടെയുളള ഇടപെടല്‍ രോഗവ്യാപനം തീവ്രതമാകാതെ നോക്കാന്‍ സഹായിച്ചു. നിയന്ത്രണങ്ങള്‍ പാടെ ഒഴിവാക്കിയാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ കൂട്ടികള്‍ക്കും ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ ലഭിക്കുന്നതിനുളള സൗകര്യം ഉറപ്പാക്കും. ഇതിനായി പൊതു സ്ഥാപനങ്ങളില്‍ ആവശ്യമായ ക്രമീകരണമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ നീറ്റ് പരീക്ഷ സെന്റര്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ സഹായം തേടാനും യോഗത്തില്‍ തീരുമാനമായി.

ജില്ലയില്‍ കാലവര്‍ഷക്കെടുതികള്‍ നേരിടുന്നതിനുളള മുന്‍കരുതല്‍ തുടങ്ങിയതായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള യോഗത്തെ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്തനിവാരണ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് സിസ്റ്റം ജില്ലാതലത്തിലും താലൂക്ക്തലത്തിലും സജ്ജമാണ്. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയതായും അവര്‍ യോഗത്തെ അറിയിച്ചു.    ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നതിനുളള സംവിധാനമുണ്ട്. കേന്ദ്ര ജലകമ്മീഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിലവില്‍ അണക്കെട്ടുകളില്‍ വെളളം ശേഖരിക്കുന്നത്. പ്രളയ സാഹചര്യം ഒഴിവാക്കാന്‍ ബീച്ചിനഹളളി ഡാം അധികൃതരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയതായും അവര്‍ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  

യോഗത്തില്‍ എംഎല്‍എമാരായ സി. കെ ശശീന്ദ്രന്‍, ഐ. സി. ബാലകൃഷ്ണന്‍, ഒ. ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ, രാഷ്ട്രീയ പാര്‍ട്ടി പ്രസിനിധികളായ പി. ഗഗാറിന്‍, വിജയന്‍ ചെറുകര, സജി ശങ്കര്‍, എന്‍. ഡി. അപ്പച്ചന്‍, പി. പി. എ. കരീം, വി. എ. മജീദ്, സി. മൊയ്തീന്‍കുട്ടി, സി. എം. ശിവരാമന്‍, കെ. മുഹമ്മദലി, കെ. പി. ശശികുമാര്‍, വി. പി. വര്‍ക്കി, കെ. വിശ്വനാഥ് , എം. പി. രാമകൃഷ്ണന്‍, എം. സി. സബാസ്റ്റ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.