ജില്ലയില്‍ നിന്നും ഒഡീഷയിലേക്ക് മടങ്ങിയത് 126 അതിഥി തൊഴിലാളികള്‍

post

പത്തനംതിട്ട: തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒഡീഷയിലേക്ക് ട്രെയിന്‍ മാര്‍ഗം മടങ്ങിയത് ജില്ലയില്‍ നിന്നുള്ള 126 അതിഥി തൊഴിലാളികള്‍. ജൂണ്‍ 4 ന് രാത്രി 10:20നാണ് തിരുവല്ല വഴി തിരുവനന്തപുരത്തു നിന്നു വന്ന ട്രെയിനില്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്കു മടങ്ങിയത്. ആറു താലൂക്കുകളില്‍ നിന്നും അഞ്ചു ബസുകളിലാണ് ഇവരെ തിരുവല്ല റെയിവേ സ്റ്റേഷനില്‍ എത്തിച്ചത്.

അടൂര്‍ താലൂക്കില്‍ നിന്ന് 21, കോഴഞ്ചേരി താലൂക്കില്‍ നിന്ന് 24, മല്ലപ്പള്ളി താലൂക്കില്‍ നിന്ന് 12, റാന്നി താലൂക്കില്‍ നിന്ന് 31, കോന്നി താലൂക്കില്‍ നിന്ന് 6, തിരുവല്ല താലൂക്കില്‍ നിന്ന് 32 അതിഥി തൊഴിലാളികളെയാണു ജില്ലാ ഭരണകൂടത്തിന്റെയും റവന്യൂ, ലേബര്‍ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നാട്ടിലേക്ക് അയച്ചത്.

അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും കൈമാറി. ചപ്പാത്തി, അച്ചാര്‍, ബ്രഡ്, ഏത്തപ്പഴം, വെള്ളം എന്നിവ അടങ്ങിയ സൗജന്യ ഭക്ഷണ കിറ്റും ഇവര്‍ക്ക് നല്‍കി.