ആറന്മുള മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍

post

ആലപ്പുഴ: ആറന്മുള നിയോജക മണ്ഡലത്തില്‍ ഭിന്നശേഷി നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും സഹായ ഉപകരണ വിതരണ നിര്‍ണ്ണയ ക്യാമ്പും ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കുന്നത് സംബന്ധിച്ച് വീണാ ജോര്‍ജ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ സ്വാഗതസംഘ രുപീകരണ യോഗം ചേര്‍ന്നു. 

കേരള സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ്, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറന്മുള മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും സഹായ ഉപകരണങ്ങള്‍ വിതരണം നടത്തുകയെന്ന മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണ് ഭിന്നശേഷി ഉപകരണ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. 

കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ എം.ഡി കെ.മൊയ്തീന്‍കുട്ടി പദ്ധതി വിശദീകരിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ ഭിന്നശേഷിക്കാരുടെ സഹായ ഉപകരണങ്ങളുടെ അളവ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇതിന്‌ശേഷം ഫെബ്രുവരി മാസത്തോടെ അവര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്. 

ക്യാമ്പിനായി വീണാ ജോര്‍ജ് എം.എല്‍.എ ചെയര്‍മാനായ കമ്മറ്റി രൂപീകരിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറിമാത്യു സാം, ഡി.എം.ഒ: ഡോ.എ.എല്‍ ഷീജ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ.ഷംലാ ബീഗം, വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ എല്‍.ഷീബ,  ജനപ്രതിനിധികള്‍, വികലാംഗ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.