കോവിഡ് കെയര്‍ സെന്റര്‍: നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി

post

ആലപ്പുഴ: കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭയുടെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍. നഗരസഭ ഭരണസമിതി അംഗങ്ങളും കളക്ടറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോവിഡ് കെയര്‍ സെന്ററുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടും വാഹനങ്ങളുടെ അപര്യാപ്തതയുമുണ്ടെന്നാണ് നഗരസഭ അറിയിച്ചത്. ഭക്ഷണ വിതരണത്തിന് കൂടുതല്‍ വാഹനം വേണമെന്നും തനത് ഫണ്ടില്‍ നിന്ന് അനുവദിച്ചതിലുമേറെ തുക ചെലവിടേണ്ടി വന്ന സാഹചര്യത്തില്‍ സാമ്പത്തിക സഹായം നല്‍കണമെന്നും നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള സംഘം കലക്ടറെ അറിയിച്ചു.

നഗരസഭയുടെ ആവശ്യങ്ങള്‍ അടിയന്തിരമായി പരിഗണിച്ച് പരിഹരിക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. സര്‍ക്കാരിന് നല്‍കുന്നതിന് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എല്ലാ ആഴ്ചയും നഗരസഭ അധികൃതരുമായി ആശയവിനിമയം നടത്തുമെന്നും കളക്ടര്‍ എ അലക്‌സാണ്ടര്‍ വ്യക്തമാക്കി.