ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്, എല്ലാവരും മഹാരാഷ്ട്രയില്‍ നിന്ന് വന്നവര്‍

post

കാസര്‍കോട്: ജില്ലയില്‍ ഇന്നലെ 10 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥീരീകരിച്ചു. എല്ലാവരും മഹാരാഷ്ട്രയില്‍ നിന്ന് വന്ന പുരുഷന്മാരാണ്. നാലു മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍, മധൂര്‍, പൈവളിഗെ പഞ്ചായത്ത് സ്വദേശികളായ രണ്ടുപേര്‍ വീതം, കാസര്‍കോട് നഗരസഭാ മൊഗ്രാല്‍പുത്തൂര്‍ സ്വദേശികളായ ഓരോരുത്തര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. വി രാംദാസ് പറഞ്ഞു. മേയ് 27ന് ബസില്‍ തലപ്പാടിയില്‍ വന്ന 59 വയസുള്ള മൊഗ്രാല്‍പുത്തുര്‍ സ്വദേശി, ഒരു ടാക്‌സി കാറില്‍ ഒരുമിച്ച് മേയ് 24ന് തലപാടിയിലെത്തിയ 43 ഉം 40 ഉം വയസുള്ള പൈവളിഗെ സ്വദേശികള്‍, മേയ് 24ന് ബസില്‍ വന്ന 30 വയസുള്ള കാസര്‍കോട് മുന്‍സിപാലിറ്റി സ്വദേശി, മേയ്27 ന് ബസില്‍ ഒരുമിച്ച് വന്ന മംഗല്‍പാടി സ്വദേശികളായ 64ഉം 27ഉം വയസ്സുള്ളവര്‍, മേയ് 15ന് ബസില്‍ വന്ന 23 വയസുള്ള മംഗല്‍പാടി സ്വദേശി, മേയ് 27ന് ട്രൈനില്‍ വന്ന് ആംബുലന്‍സില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51 വയസുള്ള മംഗല്‍പാടി സ്വദേശി, മേയ് 24ന് ബസ്സില്‍ വന്ന ബന്ധുക്കളായ 23, 27 വയസ്സുള്ള മധൂര്‍ പഞ്ചായത്ത് സ്വദേശികള്‍ എന്നിവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഏഴുപേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലും മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലുമായിരുന്നു. ദുബൈയില്‍ നിന്ന് വന്ന മേയ് 20ന് രോഗം സ്ഥിരീകരിച്ച 15 വയസ്സുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃക്കരിപ്പൂര്‍ സ്വദേശിക്ക് രോഗം ഭേദമായി.

വീടുകളില്‍ 3,083 പേരും ആശുപത്രികളില്‍ 608 പേരുമുള്‍പ്പെടെ 3,691 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുഉള്ളത്. 7,117 സാമ്പിളുകളാണ് (തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ഇതുവരെ പരിശോധനക്കയച്ചത്. 6,105 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 520 സാമ്പിളുകളുടെ  പരിശോധനാ ഫലം ലഭിക്കാനുണ്ട്. 226 പേര്‍ ഇന്ന് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. പുതിയതായി ആശുപത്രിയിലും വീടുകളിലുമായി 322 പേരെ നീരിക്ഷണത്തില്‍ പ്രവേശിപ്പിച്ചു.