മണ്ണിനെ അറിയാന്‍ മൊബൈല്‍ ആപ്

post

പാലക്കാട്: ഒരു പ്രദേശത്തെ മണ്ണിന്റെ പോഷക ഗുണങ്ങളെക്കുറിച്ചും കൃഷി ചെയ്യുന്ന വിളയ്ക്കനുസരിച്ച് വളപ്രയോഗം നടത്തേണ്ടത് എങ്ങനെ തുടങ്ങിയവ സംബന്ധിച്ചുമുള്ള വിവരങ്ങളെക്കുറിച്ചും അറിയാന്‍ സംസ്ഥാന മണ്ണ് പര്യവേഷണ - മണ്ണ് സംരക്ഷണ വകുപ്പ് തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനാണ് 'മണ്ണിനെ അറിയാം മൊബൈലിലൂടെ' (മൊബൈല്‍ അപ്ലിക്കേഷന്‍ ഓണ്‍ മണ്ണ്). 

പാലക്കാട് മണ്ണ് പര്യവേഷണ ഓഫീസര്‍ എ രതീദേവി കര്‍ഷകര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ പരിചയപ്പെടുത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഫോണില്‍ ജിപിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ പ്രദേശത്തെ മണ്ണ് സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത സ്ഥലം തിരഞ്ഞെടുത്ത് അറിയാനും സാധിക്കും. ആപ്ലിക്കേഷന്‍ തുറന്ന ശേഷം ഭാഷ തിരഞ്ഞെടുക്കാം. തുടര്‍ന്ന് 'പോഷക നില പരിശോധിക്കുക' എന്ന ലിങ്കില്‍ അമര്‍ത്തിയാല്‍ മണ്ണിന്റെ പോഷക നില അറിയാനാകും. പിന്നീട് 'ഒരു വിള തിരഞ്ഞെടുക്കുക' എന്ന ലിങ്കില്‍ അമര്‍ത്തി വിള തിരഞ്ഞെടുത്ത ശേഷം 'വിള ശുപാര്‍ശ' എന്ന ലിങ്കിലൂടെ ജൈവകൃഷി, രാസവളം എന്നിവ അനുയോജ്യ പ്രദമായ രീതിയില്‍ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും.