ജില്ലയില്‍ പരീക്ഷ എഴുതിയത് 13290 പേര്‍

post

 വയനാട് : കനത്ത സുരക്ഷാ മുന്‍കരുതലുകളോടെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ തുടങ്ങി. കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകളാണ് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ചൊവ്വാഴ്ച്ച പുനരാരംഭിച്ചത്. എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 11,794 പേരും വി.എച്ച്.എസ്.സി വിഭാഗത്തില്‍ 1496 പേരും പരീക്ഷയെഴുതി. വി.എച്ച്.എസ്.സി ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരീക്ഷ നടന്നത്. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് കണക്കിലും വി.എച്ച്.എസ്.സിക്കാര്‍ക്ക് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ്  വിഷയത്തിലുമായിരുന്നു പരീക്ഷ.

    വയനാട്ട് ജില്ലക്കാരായ 11682 പേരും ഇതര ജില്ലക്കാരായ 151 പേരുമടക്കം 11833 പേരാണ് ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ടിയിരുന്നത്. ഇതില്‍ 11794 പേരാണ് ചൊവ്വാഴ്ച്ച നടന്ന പരീക്ഷ എഴുതി. 39 പേര്‍ ഹാജരായില്ല.  വി.എച്ച്.എസ്.സി  വിഭാഗത്തില്‍ പരീക്ഷ എഴുതിയവരില്‍ 7 പേര്‍ മറ്റ്   ജില്ലക്കാരാണ്. 11 പേര്‍ വി.എച്ച്.എസ്.സി വിഭാഗത്തിലും വിവിധ കാരണങ്ങളാല്‍ ഹാജരായില്ല.

   കര്‍ശന സുരക്ഷാ മുന്‍കരുലോടെയാണ് ഒരോ സ്‌കൂളിലും പരീക്ഷകള്‍ നടന്നത്. അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മുഖാവരണം ധരിച്ചാണ് സ്‌കൂളുകളിലേക്ക് എത്തിയത്. തെര്‍മല്‍ സ്‌കാനിംഗിന് നടത്തിയും  സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയതിനും ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. കണ്ടെന്‍മെന്റ് സോണിലെ കുട്ടികള്‍, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടിലെ കുട്ടികള്‍, അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും വന്ന് പരീക്ഷയെഴുതുന്നവര്‍, പനി ഉള്‍പ്പെടെയുളള രോഗലക്ഷണമുളളവര്‍ എന്നിവര്‍ക്കായി പ്രത്യേകം ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. വാഹന സൗകര്യമില്ലാത്തവര്‍ക്ക് വാഹനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തി. ജില്ലയിലെ മുഴുവന്‍ സ്‌കളുകളും നേരത്തെ തന്നെ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അണുവിമുക്തമായിരുന്നു.