ലോക്ഡൗണില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്ത് ആദൂര്‍ പൊലീസ്

post

കാസര്‍കോട്  : ജില്ലയുടെ കിഴക്കന്‍ ഗ്രാമമായ ബെള്ളൂരിലെയും ദേലമ്പാടിയിലേയും നിരവധി പാവപ്പെട്ട ആളുകള്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുകയാണ് ആദൂര്‍ പൊലീസ് സ്റ്റേഷന്‍. എസ്.ടി കോളനികള്‍ ഏറെയുള്ള പഞ്ചായത്തിലെ സാധു ജനങ്ങളെ സഹായിക്കാനായി പൊലീസ് സ്റ്റേഷനില്‍ നിന്നും വ്യാപാരികളോടും മറ്റ് ജനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കുകയും ലഭിക്കുന്ന കിറ്റുകള്‍ പാവപ്പെട്ടവര്‍ക്ക് വീടുകളില്‍ എത്തിച്ചു നല്‍കുകയുമാണ് ചെയ്യുന്നത്.
ദേലമ്പാടി, നാട്ടക്കല്ല്, ബജെ എന്നിവിടങ്ങിലാണ് ആദൂര്‍ പൊലീസിന്റെ സഹായം എത്തിയത്. ജനമൈത്രി പൊലീസിന്റെ ഭാഗമായി സി.ഐ പ്രേം സദന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടത്തുന്നത്. കഴിഞ്ഞ ദിവസം കൊള്ളടുക്ക ബജെ എസ്.ടി കോളനിയിലെ പതിനഞ്ച് കുടുംബങ്ങള്‍ക്കാണ് സഹായം ലഭിച്ചത്. ഇതിനോടകം തന്നെ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് 150 കിറ്റുകള്‍ നല്‍കി കഴിഞ്ഞുവെന്നും ഇനിയും 35 കിറ്റുകള്‍ വിതരണം ചെയ്യാനായുണ്ടെന്നും പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ പറഞ്ഞു.