കോവിഡ് സ്ഥിരീകരിച്ച് വയനാട് സ്വദേശിനി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

post

വയനാട്  : കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ സ്വദേശിനിയായ 53 വയസ്സുകാരിയെ ചികിത്‌സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മെയ് ഇരുപതാം തീയതി ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി  കേരളത്തില്‍ എത്തിയ അവര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് അവരെ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന 11 പേര്‍ ഉള്‍പ്പെടെ 17 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലും ചികിത്സയിലുണ്ട്.

 വെളളിയാഴ്ച്ച 404 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. ജില്ലയില്‍ ആകെ  3450 പേര്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 1397 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്നും ഇതുവരെ  പരിശോധനയ്ക്ക് അയച്ച 1499 സാമ്പിളുകളില്‍ 1282 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1259 എണ്ണം നെഗറ്റീവാണ്. വെളളിയാഴ്ച്ച അയച്ച 37 സാമ്പിളുകളുടെ പരിശോധനാ ഫലം ഉള്‍പ്പെടെ 210 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. വെളളിയാഴ്ച്ച അയച്ച 37 സാമ്പിളുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 4 പേരുടെ സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.

      ഇതുകൂടാതെ സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1571 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 1344 എണ്ണത്തിന്റെ ഫലം ലഭിച്ചതില്‍ 1344 ഉം നെഗറ്റീവാണ്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 567 പേര്‍ക്ക് കൗണ്‍സലിംഗും നല്‍കിയിട്ടുണ്ട്.