ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിലും 47 സമൂഹ അടുക്കളകള്‍ സജീവം

post

പാലക്കാട് : ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിലും ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 47 സമൂഹ അടുക്കളകള്‍ ഇപ്പോഴും സജീവം. കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊതുജനങ്ങള്‍ക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടരുതെന്ന ലക്ഷ്യത്തോടെ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നഗരസഭകളിലുമായി കമ്മ്യൂണിറ്റി കിച്ചന്‍ സെന്ററുകള്‍ക്ക് തുടക്കമിട്ടിരുന്നു.  

ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍, ഹോം ക്വാറന്റൈന്‍, നിരാലംബര്‍, മറ്റ് ആവശ്യക്കാര്‍ എന്നിവര്‍ക്കാണ് കമ്മ്യൂണിറ്റി കിച്ചനുകള്‍ മുഖേന ഭക്ഷണം നല്‍കുന്നത്. കുടുംബശ്രീ മിഷനാണ് കമ്മ്യൂണിറ്റി കിച്ചനുകളുടെ മേല്‍നോട്ടം വഹിക്കുന്നത്. പഞ്ചായത്തുകളുടെ തനത് ഫണ്ടോ പ്ലാന്‍ ഫണ്ടോ ഉപയോഗിച്ചാണ് കിച്ചനുകളുടെ പ്രവര്‍ത്തനം. കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 26 ന് തന്നെ ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 103 കമ്മ്യൂണിറ്റി കിച്ചനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരുന്നത്. പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സിവില്‍ സപ്ലൈസ് വകുപ്പ് മുഖേന സൗജന്യ അരി, ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചതോടെ സമൂഹ അടുക്കള മുഖേന ഭക്ഷണം വേണ്ടവരുടെ എണ്ണത്തില്‍ കുറവുണ്ടായതിനെത്തുടര്‍ന്നാണ് കമ്മ്യൂണിറ്റി കിച്ചണുകളുടെ എണ്ണം വെട്ടിച്ചുരുക്കിയതെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.