പ്രവാസികളെ സ്വീകരിക്കാന്‍ രാപകല്‍ ജാഗ്രതയോടെ ജില്ലാ ഭരണകൂടം

post

വയനാട് : കോവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ രാപകല്‍ ജാഗ്രതയോടെ ജില്ലാഭരണകൂടം.  74 പേരാണ് ഇന്നലെ വരെ ജില്ലയിലെത്തിയത്.  കോഴിക്കോട്, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങളില്‍ ഇറങ്ങി പ്രത്യേകം ഒരുക്കിയ കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ഇവര്‍ വയനാട്ടിലെത്തിയത്  പല ദിവസങ്ങളിലും രാത്രി സമയങ്ങളിലാണ്.  രാത്രി 9 മുതല്‍ പുലര്‍ച്ചെ നാലു വരെ കാത്തിരുന്നാണ് ഉദ്യോഗസ്ഥ സംഘം ഇവരെ സ്വീകരിച്ചത്. 33 സ്ത്രീകളും 33 പുരുഷന്‍മാരും 8 കുട്ടികളുമാണ് ഇതുവരെ എത്തിയത്. 34 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ താമസിപ്പിച്ചു.  കല്‍പ്പറ്റയില്‍ മികച്ച താമസ സൗകര്യം ഇവര്‍ക്ക് സൗജന്യമായി ഒരുക്കിയിട്ടുണ്ട്.  ജില്ലാ ഭരണകൂടത്തിന്റെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുടെയും സംയുക്ത മേല്‍നോട്ടത്തിലാണ് ഭക്ഷണവും താമസ സൗകര്യങ്ങളും നല്‍കുന്നത്.  തിരികെയെത്തിയവരില്‍ 37 പേരെ വീടുകളിലേക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ വിട്ടു.  മൂന്ന് പേര്‍ മറ്റ് ജില്ലകളിലെ ഭര്‍തൃ വീടുകളില്‍ കഴിയുന്നു.  മാലിദ്വീപ്-23, യു.എ.ഇ-36, ബഹറിന്‍-5, സൗദി-7 എന്നിങ്ങനെയാണ് രാജ്യങ്ങള്‍ തിരിച്ചുള്ള കണക്ക്. ഖത്തര്‍, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും എത്തി.  പ്രായമേറിയവരെയും ഗര്‍ഭിണികളെയും കുട്ടികളെയമാണ് വീടുകളിലേക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ അയച്ചിട്ടുള്ളത്.

കല്‍പ്പറ്റയിലെ അഞ്ച് സ്വകാര്യ ഹോട്ടലുകളിലാണ് പ്രവാസികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.  200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാവും.  വിദേശങ്ങളില്‍ നിന്ന് 4500 പേരെങ്കിലും ജില്ലയിലേക്ക് തിരിച്ചെത്തുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്.  ഇവരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യം ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പി.സി.മജീദ് നോഡല്‍ ഓഫീസറായുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രവാസികള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്.  മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ സനിത ജഗദീഷ് മേല്‍നോട്ടം വഹിക്കുന്നു.  മുനിസിപ്പല്‍ സെക്രട്ടറി പി.ടി.ദേവദാസ്, ഡി.ടി.പി.സി. സെക്രട്ടറി ആനന്ദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സത്യന്‍ എന്നിവര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ കോവിഡ് കെയര്‍ സെന്ററിലെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.