കിഴങ്ങുഗ്രാമം പദ്ധതിയ്ക്ക് മുപ്പൈനാട് ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

post

വയനാട് : കോവിഡ് 19 ഉയര്‍ത്തുന്ന ഭക്ഷ്യപ്രതിസന്ധി മറികടക്കുന്നതിനും കിഴങ്ങുവര്‍ഗ്ഗങ്ങളുടെ കൃഷി മുഴുവന്‍ പുരയിടങ്ങളിലും സാര്‍വത്രികമാക്കുന്നതിനും ലക്ഷ്യമിടുന്ന കിഴങ്ങുഗ്രാമം പദ്ധതിക്ക് മുപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ആര്‍.യമുന പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ഹംസ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ യഹിയാഖാന്‍ തലക്കല്‍, പ്രഭിതാ ജയപ്രകാശ്, കൃഷിഓഫീസര്‍ എം.കെ മറിയുമ്മ, കെ.കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു

    2020- 21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ 9 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 5 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 14 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 15 കുടുംബശ്രീ യൂണിറ്റുകള്‍ക്കും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന 22 കുടുംബശ്രീ യൂണിറ്റുകള്‍ക്കും പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുന്ന 40 കുടുംബശ്രീ യൂണിറ്റുകള്‍ക്കും ചേന,ചേമ്പ്, മരച്ചീനി തുടങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങളുടെ നടീല്‍ വസ്തുക്കള്‍ സൗജന്യമായി ലഭിക്കും. 1500 വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് മരച്ചീനിയുടെ നടീല്‍ വസ്തുക്കളും പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യും.
 കിഴങ്ങു വര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്ന കൃഷിയിടങ്ങളില്‍ അധിക ഭക്ഷ്യോത്പാദനത്തിനും കൃഷിവിളകളുടെ രോഗകീടബാധകള്‍ക്കെതിരെ പാരിസ്ഥിതിക എഞ്ചിനീയറിംഗ് ഉപാധിയായിട്ടും തീറ്റപ്പുല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ചോളവിത്ത് സൗജന്യമായി വിതരണം ചെയ്യുന്നതിനുളള പദ്ധതിയും ഗ്രാമപഞ്ചായത്തില്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മധുരകിഴങ്ങ്, കൂര്‍ക്ക ഇനങ്ങള്‍ സ്വന്തമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കു ഗ്രൂപ്പുകള്‍ക്കും കൂലിചെലവ് സബ്സിഡി നല്‍കും. സുരക്ഷിതമായ ഭക്ഷണത്തിനായി ഓരോ കുടുംബങ്ങളെയും സ്വയം പര്യാപ്തമാക്കുന്നതിന് ലക്ഷ്യമിടുന്ന കിഴങ്ങ്ഗ്രാമം പദ്ധതിയുടെയും സീസണല്‍ പച്ചക്കറികൃഷിയുടെയും സംയോജനം  അന്നജവും മാംസ്യവും ജീവകങ്ങളും അടങ്ങിയ സമീകൃത പോഷകാഹരത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനു കൂടി  ലക്ഷ്യമിടുന്നതാണ്.