തരൂര്‍ മണ്ഡലത്തില്‍ നടത്തിയത് 150 കോടിയുടെ റോഡ് വികസനം

post

പാലക്കാട്: തരൂര്‍ മണ്ഡലത്തില്‍ 150 കോടി രൂപയുടെ റോഡ് വികസനം സാധ്യമാക്കിയതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌ക്കാരിക, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പാമ്പാടിപെരിങ്ങോട്ടുകുറിശ്ശി റോഡ് നവീകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാമ്പാടി പെരുങ്ങോട്ടുകുറിശ്ശി റോഡില്‍ 1.37 കോടി രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തി മുതല്‍ പെരിങ്ങോട്ടുകുറിശ്ശി കവല വരെയുള്ള ഭാഗത്തിന്റെ നവീകരണ പ്രവൃത്തിയില്‍ ക്യാരേജ് വേ, വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഉപരിതലം ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ ടാറിംഗ് എന്നിവ നടത്തും. ആറ് മാസമാണ് പ്രവൃത്തിയുടെ കാലാവധി.

പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ   ആലിന്‍ചുവട് കുറിയപ്പടി റോഡ്  വികസനത്തിന് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചതായി മന്ത്രി അറിയിച്ചു. തരൂര്‍ മണ്ഡലത്തിലെ എല്ലാ റോഡുകളേയും ബന്ധിപ്പിച്ചു കൊണ്ടുള്ള റിംഗ് റോഡ് ഉടന്‍ സാധ്യമാക്കും. ഞാവളിന്‍കടവ് പാലത്തിന്റെ  പ്രവൃത്തി ഉദ്ഘാടനം വൈകാതെ നടത്തും.  എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട്, നബാര്‍ഡ് ഫണ്ട്, പ്രകൃതി ദുരിതാശ്വാസ ഫണ്ട് എന്നിങ്ങനെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചാണ് ഗ്രാമീണ റോഡുകള്‍ നിര്‍മിക്കാനും നവീകരിക്കാനും കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെരിങ്ങോട്ടുകുറിശ്ശിയില്‍ നടന്ന പരിപാടിയില്‍ കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഷേളി അധ്യക്ഷയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി മുഖ്യാതിഥിയായി. കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.