കയര്‍ കേരള: ആലപ്പുഴയെ കാത്തിരിക്കുന്നത് കലയുടെ അഞ്ചു രാവുകള്‍

post

ആലപ്പുഴ: കയര്‍ കേരള 2019നോടനുബന്ധിച്ച് ഇഎംഎസ് സ്റ്റേഡിയം നൂതനവും വ്യത്യസ്തങ്ങളുമായ കലാപരിപാടികള്‍ക്കാണ് ഡിസംബര്‍ നാലു മുതല്‍ എട്ടുവരെയുള്ള രാവുകളില്‍ സാക്ഷ്യം വഹിക്കുക. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള കലാവിരുന്നാണ് ഇത്തവണ അവതരിപ്പിക്കപ്പെടുന്നതിലേറെയും എന്ന പ്രത്യേകതയുമുണ്ട്.

ഡിസംബര്‍ നാലിന് വൈകിട്ട് 4.30ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥാണ് സാംസ്‌കാരിക സന്ധ്യകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ധനകാര്യ - കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിക്കും. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ചലച്ചിത്ര താരം നിമിഷ സജയന്‍, എഴുത്തുകാരായ ഡോ. ഖദീജ മുംതാസ്, ഡോ. കെ.ശാരദക്കുട്ടി, ഡോ. പി.എസ്. ശ്രീകല എന്നിവര്‍ മുഖ്യാതിഥികളാകും.

പ്രധാന പരിപാടികള്‍

5.30ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ എട്ട് വാദ്യപ്രമാണിമാര്‍ കേരളീയ തുകല്‍ വാദ്യങ്ങളുടെ വിസ്മയം തീര്‍ക്കുന്ന താളവാദ്യലയ സമന്വയം. തൃപ്പൂണിത്തുറ കൃഷ്ണദാസ് (ഇടയ്ക്ക), വെള്ളിനേഴി രാംകുമാര്‍ (വലംതലച്ചെണ്ട), കലാമണ്ഡലം ഈശ്വരന്‍ (മിഴാവ്), പാഞ്ഞാള്‍ വേലുക്കുട്ടി (ഇലത്താളം), പല്ലാവൂര്‍ കൃഷ്ണന്‍കുട്ടി (കുറുങ്കുഴല്‍), മച്ചാട് മണികണ്ഠന്‍ (കൊമ്പ്), കോട്ടയ്ക്കല്‍ രവി (മദ്ദളം), ഒറ്റപ്പാലം ഹരി (തിമില) എന്നിവരും മട്ടന്നൂരിനൊപ്പം ചേരും. വാദ്യചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സമന്വയം അവതരിപ്പിക്കപ്പെടുന്നത്. രാത്രി 7.30ന് ചലച്ചിത്ര പിന്നണി ഗായകരായ മധു ബാലകൃഷ്ണന്‍, സയനോര, രാജലക്ഷ്മി, അന്‍വര്‍ സാദത്ത്, ആബിദ് എന്നിവര്‍ നയിക്കുന്ന ഗാനമേള,

ഡിസംബര്‍ അഞ്ചിന് വൈകിട്ട് ആറിന് എറണാകുളം യുവകലാ ചവിട്ടുനാടക സമിതി അവതരിപ്പിക്കുന്ന ചവിട്ടുനാടകം 'കാറല്‍സ്മാന്‍ ചരിതം'. 6.30ന് ചലച്ചിത്ര താരം സാനിയ ഇയ്യപ്പന്‍, പാരിസ് ലക്ഷ്മി, നൂറിന്‍, റംസാന്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തില്‍ സജ്‌നാ നജാം സംവിധാനം ചെയ്ത ഡാന്‍സ് ഫ്യൂഷന്‍ ഫെസ്റ്റ് 'രംഗോലി' .

ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിന് രാജേഷ് ചേര്‍ത്തലയും സംഘവും അവതരിപ്പിക്കുന്ന വിന്‍ഡ് ഫ്യൂഷന്‍, ഏഴു മണിക്ക് ചലച്ചിത്ര പിന്നണി ഗായിക രശ്മി സതീഷ് നേതൃത്വം നല്‍കുന്ന രേസ ബാന്‍ഡിന്റെ പടപ്പാട്ടിന്റെ ചൂടും ചൂരുമുള്ള നാടന്‍പാട്ടുകള്‍. എട്ടു മണിക്ക് കെപിഎസിയുടെ നാടകം 'മഹാകവി കാളിദാസന്‍'.

ഡിസംബര്‍ ഏഴിന് വൈകിട്ട് ആറിന് ഷൈലജ പി. അമ്പുവിന്റെ ഏകാംഗ നാടകം 'മത്സ്യഗന്ധി'. 6.30ന് ഷബ്‌നം റിയാസ് നേതൃത്വം നല്‍കുന്ന കേരളത്തിലെ ആദ്യത്തെ വനിതാ സൂഫി ബാന്‍ഡായ ലയാലീ സൂഫിയയുടെ ഖവാലി. 8.30ന് ചലച്ചിത്ര താരം റിമാ കല്ലിങ്കലിന്റെ നേതൃത്വത്തില്‍ ഡാന്‍സ് ഫ്യൂഷന്‍ മാമാങ്കം.

സമാപന ദിവസമായ ഡിസംബര്‍ എട്ടിന് വൈകിട്ട് ആറിന് ശ്രീജ ആറങ്ങോട്ടുകര അവതരിപ്പിക്കുന്ന നാട്ടുനാടകം മണ്ണാത്തിത്തെയ്യം. ഒപ്പം സൈക്കിള്‍ നാടകമെന്ന തിയേറ്റര്‍ പരീക്ഷണവും അരങ്ങേറും. ഏഴു മണിക്ക് ഇന്ത്യന്‍ പോപ്പ് സംഗീതത്തിന് കേരളം സമ്മാനിച്ച തൈക്കൂടം ബ്രിഡ്ജിന്റെ സംഗീത വിസ്മയം.