ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ നിബന്ധനകള്‍ പാലിക്കണം ; ലാഘവ മനോഭാവമരുത്

post

പാലക്കാട് : ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കുടുങ്ങിയവര്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകളും നിര്‍ദ്ദേശങ്ങളും നിര്‍ബന്ധമായി പാലിക്കണമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പു മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ക്വാറന്റൈനിലും മറ്റുള്ളവര്‍ ഹോം ക്വാറന്റൈനിലും കഴിയേണ്ടതാണ്. അതിര്‍ത്തിയില്‍ എത്തുന്ന എല്ലാവരുടെയും ശരീര താപനില പരിശോധിച്ചാണ് കടത്തിവിടുന്നത്. നിരീക്ഷണത്തില്‍ തുടരുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിബന്ധനകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെ ലാഘവത്തോടെ ഈ സാഹചര്യം കാണുന്നത് അപകടം വിളിച്ചുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് കേരളത്തിലേക്ക് വരുന്നതിന് കൃത്യമായി രണ്ട് ജില്ലകളിലെ കലക്ടര്‍മാരുടെയും പാസുകള്‍ എടുക്കേണ്ടതാണ്. കൂടാതെ, പാസില്‍ പരാമര്‍ശിച്ചിരിക്കുന്ന സമയത്തും തീയതിയിലുമാണ് യാത്ര ചെയ്യേണ്ടത്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി വാളയാര്‍ ചെക്ക്പോസ്റ്റുകളില്‍ യാതൊരുവിധ യാത്രാരേഖകളും ഇല്ലാതെ എത്തുന്ന പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. ഇത് പാസെടുത്ത് കൃത്യമായ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വരുന്നവരെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കും. അനുമതി ലഭിച്ചവരോടൊപ്പം പാസ് ലഭിക്കാത്തവര്‍ വരുന്ന പ്രവണത തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇത്തരം ആളുകളെ യാതൊരു കാരണവശാലും ചെക്ക്പോസ്റ്റ് കടന്ന് പ്രവേശിക്കാന്‍ അനുവദിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.