മുത്തങ്ങ മിനി ആരോഗ്യ കേന്ദ്രം രാവും പകലും സജീവം

post

ജില്ലയിലേക്ക് പ്രവേശിച്ചത് 2321 പേര്‍

വയനാട് : അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവരെ സ്വീകരിക്കാന്‍ മുത്തങ്ങയില്‍ ഒരുക്കിയ മിനി ആരോഗ്യ കേന്ദ്രം രാവും പകലും സജീവം.  നിശ്ചയിക്കപ്പെട്ട എണ്ണത്തിന്റെ ഇരട്ടിയിലധികം പേരെയാണ് അഹോരാത്രം ജോലി ചെയ്ത് ഉദ്യോഗസ്ഥര്‍ കയറ്റി വിടുന്നത്.  വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മുത്തങ്ങ ചെക്ക്പോസ്റ്റ് വഴി വ്യാഴാഴ്ച (മെയ് 7) പുലര്‍ച്ച വരെ ജില്ലയിലേക്ക് പ്രവേശിച്ചത് 2176 പേര്‍.  ആദ്യ ദിവസം 267 പേരാണ് അതിര്‍ത്തി കടന്നെത്തിയത്.  ഇതില്‍ 106 പേര്‍ മൈസൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ ചികിത്സയ്ക്ക് പോയ കുട്ടികളും രക്ഷിതാക്കളുമായിരുന്നു.  മെയ് 5 ന് 550 പേരും 6ന് 656 പേരും 7ന് 703 പേരും 8ന് വൈകീട്ട് 4 വരെ 145 പേരുമാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.  

മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം പണിത മിനി ആരോഗ്യ കേന്ദ്രത്തിലെ  ആരോഗ്യ പരിശോധനകള്‍ക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷമാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.  രാവിലെ 8 മുതല്‍ ആരോഗ്യ കേന്ദ്രം സജീവമാണ്. മിക്ക ദിവസങ്ങളിലും പിറ്റേന്ന് പുലര്‍ച്ചെവരെ ജോലി ചെയ്ത് ആരോഗ്യ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടത്തിന് കീഴിലെ മറ്റ് ഉദ്യോഗസ്ഥ സംഘവും ചേര്‍ന്ന് സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കാനുള്ള ജോലികളില്‍ മുഴുകുന്നുണ്ട്.  നോര്‍ക്ക വഴിയോ കോവിഡ് 19 ജാഗ്രത ആപ് വഴിയോ രജിസ്ട്രേഷന്‍ ഉള്ളവര്‍ക്കാണ് സമയക്രമം പാലിച്ച് പ്രവേശനം അനുവദിക്കുന്നത്.  രജിസ്റ്റര്‍ ചെയ്യാതെ നിരവധി പേര്‍ എത്തുന്നത് ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെ പ്രയാസപ്പെടുത്തുന്നുണ്ട്.  ഇതാണ് ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം നീളുന്നതിന് കാരണമാകുന്നത്.  മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സ്‌പോട്ടുകളില്‍ നിന്ന് എത്തുന്നവരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാനാണ് ആരോഗ്യ വകുപ്പിന് ലഭിച്ച നിര്‍ദേശം.  വയനാട് ജില്ലയിലുള്ളവരെ വയനാട്ടിലെയും മറ്റ് ജില്ലകളിലേക്കുള്ളവരെ അതത് ജില്ലകളിലെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും.  മറ്റ് ജില്ലകളിലേക്ക് പോകേണ്ടവരെ പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് കൊണ്ടുപോകുന്നത്.  മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ മാസ്‌കുകളും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.