വെളളിയാഴ്ച മുതല്‍ മുത്തങ്ങ വഴി 1,000 പേര്‍ക്ക് പ്രവേശനം

post

വയനാട്: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും  മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി വെളളിയാഴ്ച മുതല്‍ ആയിരം പേര്‍ക്ക് പ്രവേശനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. നിലവില്‍ 400 പേര്‍ക്കാണ് അനുമതിയുളളത്. ഇതിന്റെ ഭാഗമായി മുത്തങ്ങ കലൂര്‍ 67 ല്‍ ഒരുക്കിയ മിനി ആരോഗ്യകേന്ദ്രത്തില്‍ അധിക സംവിധാനമൊരുക്കും. പരിശോധനാ കൗണ്ടറുകളുടെ എണ്ണം 10 ആക്കി വര്‍ദ്ധിപ്പിക്കും. ഇവിടങ്ങളില്‍ അധിക ജീവനക്കാരെയും നിയോഗിക്കും. നിലവില്‍ നാല് കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്.

ജില്ലയില്‍ മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി മാത്രമാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ക്ക് പ്രവേശനമുളളത്. ഗര്‍ഭിണികള്‍, രോഗചികില്‍സക്കായി വരുന്നവര്‍, മൃതശരീരവുമായി എത്തുന്നവര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ സി. കെ. ശശീന്ദ്രന്‍, ഐ. സി. ബാലകൃഷ്ണന്‍, ഒ. ആര്‍. കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.