ദുരിതാശ്വാസനിധിയിലേക്ക് ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഒരു ലക്ഷം രൂപ കൈമാറി

post

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ കൈമാറി. പത്തനംതിട്ട ജില്ലാ കളക്ടറേറ്റില്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ സംസ്ഥാന ട്രഷറര്‍ മോനച്ചന്‍ തണ്ണിത്തോട് ജില്ലാ കളക്ടര്‍ പി. ബി. നൂഹിന് തുക അടങ്ങുന്ന ചെക്ക് കൈമാറി. 

ജില്ലാ പ്രസിഡന്റ് പ്രദീപ്കുമാര്‍, ജില്ലാ സെക്രട്ടറി സനീഷ്‌ ദേവസ്യ, സംസ്ഥാന കമ്മറ്റി അംഗം ജോബി അലക്‌സാണ്ടര്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പശ്ചാത്തലത്തില്‍ പോലീസ് സേനയ്ക്ക് നിരീക്ഷണം നടത്തുന്നതിനായി സംഘടന സൗജന്യമായി ഡ്രോണ്‍ ക്യാമറയും ഓപ്പറേറ്റര്‍മാരുടെ സൗജന്യ സേവനവും നല്‍കിയിരുന്നു. സംഘടനയുടെ നേതൃത്വത്തില്‍ കോവിഡ് പശ്ചാത്തലത്തില്‍ രക്തദാനവും നടത്തിവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു. 2018 പ്രളയകാലത്ത് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപയും ഓഖി ചുഴലിക്കാറ്റ് കാലത്ത് ഒരു ലക്ഷം രൂപയും നല്‍കിയിരുന്നു.